ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി തിലക് വർമ. ഗൗതം ഗംഭീറിന്റെയും സിതാംഷു കോട്ടക്കിന്റെയും വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് താരം വെളിപ്പെടുത്തി.

ക്രൈസ്റ്റചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി ഇന്ത്യയെ നാല് വിക്കറ്റിന്റെ ആവേശകരമായ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ, തന്നില്‍ അഭിമാനം തോന്നുന്നുവെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ. മത്സരത്തിന് മുന്‍പ് ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കോട്ടകും തനിക്ക് വലിയ പിന്തുണ നല്‍കിയെന്നും, രാജ്യം മുഴുവന്‍ വിശ്വസിക്കുന്നുണ്ടെന്നും അവസാനം വരെ ക്രീസില്‍ നിന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞതായി തിലക് വെളിപ്പെടുത്തി.

തിലകിന്റെ വാക്കുകള്‍... ''അവസാനം വരെ ബാറ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ഇന്നത്തെ മത്സരത്തിന് മുന്‍പ് ഞാന്‍ ഗൗതം ഗംഭീറിനോടും സിതാംഷു കോട്ടക്കിനോടും സംസാരിച്ചിരുന്നു. രാജ്യം മുഴുവന്‍ എന്നില്‍ വിശ്വസിക്കുന്നുണ്ടെന്നും, അവസാനം വരെ ബാറ്റ് ചെയ്താല്‍ ടീമിനെ വിജയിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു. ആ വാക്കുകളായിരുന്നു എന്റെ മനസ്സില്‍. മത്സരം പരമാവധി അവസാനം വരെ കൊണ്ടുപോയി ഫിനിഷ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ സാധിച്ചതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്.'' തിലക് പറഞ്ഞു.

തിലകിനൊപ്പം കൂട്ടുകെട്ട് തീര്‍ത്ത നമന്‍ ധീറിനോട് ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും, സ്ലോ പിച്ചില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ക്കെതിരെ വേഗത്തില്‍ റണ്‍സ് ഓടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തിലക് വ്യക്തമാക്കി. ''നമുക്ക് അവസാനം വരെ നില്‍ക്കാമെന്നാണ് ഞാന്‍ നമനോട് പറഞ്ഞത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് പിച്ച് കുറച്ചുകൂടി സ്ലോ ആയിരുന്നു. അതിനാല്‍ സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ക്കിടയിലൂടെ വേഗത്തില്‍ ഓടി റണ്‍സ് കണ്ടെത്തണമെന്ന് ഞാന്‍ അവനോട് പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍, അത് നന്നായി നടപ്പാക്കുകയും ചെയ്തു.'' തിലക് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ മിച്ചല്‍ സാന്റ്‌നറുടെ അവസാന ഓവറില്‍ നമന്‍ പുറത്തായിരുന്നില്ലെങ്കില്‍ 18-ാം ഓവറില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നുവെന്നും തിലക് പറഞ്ഞു.

നേരത്തെ, ഗ്ലെന്‍ ഫിലിപ്‌സിന്റെയും ബെവോണ്‍ ജേക്കബ്‌സിന്റെയും ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫിലിപ്‌സ് 43 പന്തില്‍ 70 റണ്‍സും ജേക്കബ്‌സ് 46 പന്തില്‍ 58 റണ്‍സും നേടി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ആതിഥേയരായ ന്യൂസിലന്‍ഡ് 5 വിക്കറ്റിന് 180 റണ്‍സ് എടുത്തത്.

YouTube video player