ഏഷ്യാ കപ്പ് വിജയത്തെ 'ഓപ്പറേഷന്‍ തിലക്' എന്ന് വിശേഷിപ്പക്കരുത്, അഭ്യര്‍ത്ഥനയുമായി ഇന്ത്യൻ താരം

Published : Sep 30, 2025, 05:11 PM IST
Tilak Varma

Synopsis

മത്സരത്തിനിടെ പാക് താരങ്ങള്‍ പലതവണ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചിരുന്നുവെന്ന് തിലക് വര്‍മ പറഞ്ഞു. പക്ഷെ എന്‍റെ ശ്രദ്ധ മുഴുവന്‍ കളിയിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ പ്രകോപനത്തിന് മറുപടി പറയാന്‍ ഞാന്‍ നിന്നില്ല.

ഹൈദരാബാദ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യൻമാരായപ്പോള്‍ ഫൈനലില്‍ പുറത്താകാതെ 69 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി വിജയത്തിന് ചുക്കാന്‍ പിടിച്ചത് യുവതാരം തിലക് വര്‍മയായിരുന്നു. വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യയുടെ 'ഓപ്പറേഷന്‍ തിലക്' എന്ന വിശേഷണം വൈറലാവുകയും ചെയ്തു. എന്നാല്‍ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയതിനെ ഓപ്പറേഷന്‍ തിലക് എന്ന് വിശേഷിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് തിലക് വര്‍മയിപ്പോള്‍. കിരീട നേട്ടത്തിനുശേഷം ഹൈദരാബാദിലെത്തി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു തിലകിന്‍റെ പ്രതികരണം. പഹല്‍ഹാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ സൈനിക നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ആദ്യം പ്രയോഗിച്ചത്. പക്ഷെ ഇന്ത്യൻ വിജയത്തെ ഓപ്പറേഷന്‍ തിലക് എന്ന് വിളിക്കുന്നത് വലിയൊരു കാര്യമാണ്. സ്പോര്‍ട്സില്‍ ഞങ്ങള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ശരിയായ സമയത്ത് ശരിയായ അവസരം എനിക്ക് കിട്ടിയെന്നേയുള്ളു. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ട്.

പാകിസ്ഥാന്‍റെ പ്രകോപനത്തില്‍ വീണില്ല

മത്സരത്തിനിടെ പാക് താരങ്ങള്‍ പലതവണ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചിരുന്നുവെന്ന് തിലക് വര്‍മ പറഞ്ഞു. പക്ഷെ എന്‍റെ ശ്രദ്ധ മുഴുവന്‍ കളിയിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ പ്രകോപനത്തിന് മറുപടി പറയാന്‍ ഞാന്‍ നിന്നില്ല. തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ആ സമയത്ത് ഞാന്‍ പുറത്തായാല്‍ അത് രാജ്യത്തെ 140 കോടി ജനങ്ങളെ നിരാശരാക്കുന്നതിന് തുല്യമാവും. അതുകൊണ്ട് തന്നെ വിജയംവരെ ക്രീസില്‍ തുടരാനായിരുന്നു ശ്രമിച്ചത്. കളിക്കിടെ പല കാര്യങ്ങളും നടന്നിരുന്നു. പാക് താരങ്ങള്‍ പലതും പറഞ്ഞിരുന്നു. പക്ഷെ കളി ജയിച്ച് അതിനൊക്കെ മറുപടി പറയാനാണ് താന്‍ ശ്രമിച്ചതെന്നും തിലക് പറഞ്ഞു. തിലക് ബാറ്റ് ചെയ്യുമ്പോള്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് ഇത് ഐപിഎല്ലോ മുംബൈയോ അല്ലെന്ന് തിലകിനോട് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.

സമ്മര്‍ദ്ദഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി പിടിച്ചു നില്‍ക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കാനും ഞാന്‍ തയാറാണ്. അക്കാര്യം മാത്രമെ മനസിലുണ്ടായരുന്നുള്ളു. സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച് ശാന്തനാകാനാണ് ശ്രമിച്ചത്. കാരണം, ഞാന്‍ പ്രതിനിധീകരിക്കുന്നത് 140 കോടി ജനങ്ങളെയാണ്. അവരെ നിരാശരാക്കാന്‍ എനിക്കാവില്ല- തിലക് പറഞ്ഞു. ഫൈനലില്‍ 53 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തിലക് നാലു സിക്സുകളും മൂന്ന് ഫോറും പറത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ആദ്യം സഞ്ജു സാംസണൊപ്പവും പിന്നീട് ശിവം ദുബെയ്ക്കൊപ്പവും തിലക് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല