
ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തിലക് വര്‍മ ക്രീസിലിറങ്ങിയത് വെറുമൊരു മത്സരത്തിനല്ല. തന്റെ സ്ഥാനം ഉറപ്പിച്ചുനിര്‍ത്താനുള്ള വലിയ സമ്മര്‍ദ്ദങ്ങളുടെ നടുവിലേക്കായിരുന്നു. സ്‌ട്രൈക്ക് റേറ്റും ഇന്ത്യയുടെ പുതിയ ആക്രമണോത്സുക ബാറ്റിംഗ് ശൈലിക്ക് അദ്ദേഹം അനുയോജ്യനാണോ എന്നുമുള്ള ചര്‍ച്ചകള്‍ ശക്തമായിരുന്ന സമയത്ത്, അതിനെല്ലാം മൈതാനത്ത് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും, സ്പിന്നര്‍മാരെ നേരിടുന്നതിലെ ബുദ്ധിമുട്ടുകളും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും വഴിപ്പെടാതെ, ടീമിന്റെ ആവശ്യപ്രകാരമാണ് താന്‍ ബാറ്റ് ചെയ്യുന്നതെന്നും വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉത്തരവാദിത്തമുണ്ടെന്നും തിലക് വ്യക്തമാക്കിയിരുന്നു. ഹരാരെയില്‍ ഇന്ത്യ 95 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയപ്പോഴാണ് തിലക് രക്ഷകനായത്. കെണികളൊരുക്കിയ സിംബാബ്വെ ബൗളര്‍മാരെ കരുതലോടെയാണ് തിലക് നേരിട്ടത്. എന്നാല്‍ ആ കരുതലില്‍ റണ്ണിന്റെ വേഗത കുറഞ്ഞില്ല. ഫീല്‍ഡര്‍മാരുടെ ഗ്യാപ് കണ്ടെത്തി പന്ത് പായിച്ച താരം വെറും 23 പന്തുകളില്‍ നിന്ന് 206.89 സ്‌ട്രൈക്ക് റേറ്റില്‍ മിന്നുന്ന അര്‍ദ്ധസെഞ്ച്വറി നേടി. ഒടുവില്‍ പുറത്താകാതെ 219 എന്ന വലിയ സ്‌കോറിലേക്ക് ഇന്ത്യയെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
വലിയ സിക്‌സറുകള്‍ പറത്തി മാത്രം ഫിനിഷ് ചെയ്യുന്ന പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, കണ്‍ട്രോളും ഗെയിം അവെയര്‍നെസും കൊണ്ട് കളി ജയിപ്പിക്കുന്ന ശൈലിയാണ് തിലക് ഇവിടെ പുറത്തെടുത്തത്. നമ്പര്‍ 5 പൊസിഷനില്‍ ഇറങ്ങി ഇതുവരെ കളിച്ച 12 ഇന്നിംഗ്സുകളില്‍ നിന്നായി 38.11 ശരാശരിയിലും 149-ല്‍ അധികം സ്‌ട്രൈക്ക് റേറ്റിലും 343 റണ്‍സ് നേടി ഈ റോളിലും താന്‍ തിളങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.
ഇംഗ്ലണ്ട് പര്യടനത്തിനുശേഷമുള്ള ഒരാഴ്ചത്തെ ഇടവേളയില്‍ തന്റെ അടിസ്ഥാന ശക്തികള്‍ മെച്ചപ്പെടുത്താനാണ് തിലക് ശ്രദ്ധിച്ചത്. ഗ്രൗണ്ടിലൂടെ പന്ത് പായിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും വിവിഎസ് ലക്ഷ്മണും നല്‍കിയ ഉപദേശങ്ങളാണ് തന്നെ സഹായിച്ചതെന്ന് താരം വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം, എങ്കിലും ടീമിന് വേണ്ടി ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറുള്ള തിലക് വര്‍മ താനൊരു മികച്ച ഫിനിഷര്‍ മാത്രമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!