
ഹരാരെ: സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി തന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യയുടെ ടി20 ഐ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിലകിന്റെ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റില്‍ പ്രകടമായ ഇടിവ് സംഭവിച്ചിരുന്നു. 2024-ല്‍ 187.73 ആയിരുന്ന സ്‌ട്രൈക്ക് റേറ്റ് ഈ വര്‍ഷം 143.12 ആയി കുറഞ്ഞു. സ്പിന്നര്‍മാര്‍ക്കെതിരെയുള്ള പ്രകടനത്തിലെ ബുദ്ധിമുട്ടുകളും സമീപകാലത്ത് ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങളിലെ മോശം പ്രകടനവും വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ 152.94, അയര്‍ലന്‍ഡില്‍ 110.44 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
എന്നാല്‍ ടീമിന്റെ ആവശ്യാനുസരണമാണ് താന്‍ ബാറ്റ് ചെയ്യുന്നതെന്നും, വ്യക്തിഗത റെക്കോര്‍ഡുകളല്ല ടീമിന്റെ വിജയത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും സിംബാബ്വെക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിലക് വ്യക്തമാക്കി. ''ആദ്യ പന്ത് മുതല്‍ തന്നെ കൂറ്റനടികള്‍ക്ക് ശ്രമിക്കാന്‍ എനിക്ക് സാധിക്കും. എന്നാല്‍ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. കളിയില്‍ നിങ്ങള്‍ക്ക് വിവിധ പൊസിഷനുകളില്‍ ബാറ്റ് ചെയ്യേണ്ടി വരും, പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളില്‍ അത് എളുപ്പമല്ല. എപ്പോഴും ടീമിന് എന്താണോ ആവശ്യം അതൊരുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ടീമിനുവേണ്ടി പന്ത് പ്രതിരോധിച്ച് കളിക്കണമെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യും. അടിച്ച് കളിക്കണമെങ്കില്‍ അതിനും തയ്യാറാണ്.'' തിലക് പറഞ്ഞു.
ടി20 ലോകകപ്പിന് ശേഷം ബിസിസിഐ ടീമില്‍ അഴിച്ചുപണികള്‍ നടത്തിയപ്പോഴാണ് ശ്രേയസ് അയ്യരിന്റെ കീഴില്‍ തിലക് വര്‍മയെ ഇന്ത്യയുടെ ടി20 ഐ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഈ ഉത്തരവാദിത്തം തന്റെ ബാറ്റിംഗ് സമീപനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് താരം സമ്മതിച്ചു. ''ഒരു വൈസ് ക്യാപ്റ്റന്‍ പദവി ലഭിക്കുമ്പോള്‍, മാനേജ്മെന്റ് വലിയൊരു ഉത്തരവാദിത്തമാണ് നിങ്ങളെ ഏല്‍പ്പിക്കുന്നത്. ടീം മാനേജ്മെന്റ് എനിക്ക് നല്‍കുന്ന ആ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ഏറ്റെടുക്കാനും അതിനനുസരിച്ച് കളിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' തിലക് കൂട്ടിചേര്‍ത്തു.
ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ജൂലൈ 23-ന് തുടക്കമാവുകയാണ്. പുതിയ ഉത്തരവാദിത്തങ്ങളുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ തിലക് വര്‍മയുടെ പ്രകടനം ഈ പരമ്പരയില്‍ ഏറെ നിര്‍ണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!