സ്മിത്ത്, വാര്‍ണര്‍, ലാബുഷെയ്ന്‍, ഇന്ത്യക്ക് ഒന്നും എളുപ്പമാവില്ലെന്ന് ടിം പെയ്ന്‍

By Web TeamFirst Published Mar 31, 2020, 10:43 PM IST
Highlights

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 15000ല്‍ അധികം റണ്‍സടിച്ചിട്ടുണ്ട്. മാര്‍നസ് ലാബുഷെയ്ന്‍ കൂടി ചേരുന്നതോടെ ഓസീസ് ബാറ്റിംഗ് കൂടുതല്‍ കരുത്തുറ്റതാകുന്നു.

സിഡ്നി: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി ഓസീസ് ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ തിരിച്ചെത്തിയതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് പെയ്ന്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഇന്ത്യ നേരിട്ട ടീമില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഓസീസ് ടീമാണിത്. ഇന്ത്യയും കുറച്ച് മാറിയിട്ടുണ്ടെന്ന് അറിയാം. ഉയര്‍ന്ന നിലവാരമുള്ള രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.ആഷസിനോളം ആവേശം നിറക്കുന്ന പരമ്പരയാണ് ഇന്ത്യക്കെതിരെയുളളതെന്നും പെയ്ന്‍ പറഞ്ഞു.

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 15000ല്‍ അധികം റണ്‍സടിച്ചിട്ടുണ്ട്. മാര്‍നസ് ലാബുഷെയ്ന്‍ കൂടി ചേരുന്നതോടെ ഓസീസ് ബാറ്റിംഗ് കൂടുതല്‍ കരുത്തുറ്റതാകുന്നു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ മൂര്‍ച്ച ഞങ്ങള്‍ക്ക് നല്ലപോലെ അറിയാം. കഴിഞ്ഞ തവണ അവര്‍ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല. എന്നാല്‍ ബാറ്റിംഗ് നിരയിലും ആദ്യ മൂന്നുപേര്‍ നല്‍കുന്ന കരുത്ത് ഇത്തവണ കാര്യങ്ങള്‍ മാറ്റി മറിക്കും. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഞങ്ങളുടെ ആദ്യ ആറു പേരിലുണ്ട്.

മാത്യു വെയ്ഡ് ബാറ്റ്സ്മാനെന്ന നിലയില്‍ മാത്രം കളിക്കുന്നതും ടീമിന് ഏറെ ഗുണകരമാണ്. കഴിഞ്ഞതവണത്തേക്കാള്‍ ട്രാവ് ഹെഡ്ഡും ഏറെ മെച്ചപ്പെട്ടു. അതുകൊണ്ടുതന്നെ ആവേശകരമായ പരമ്പരയാണ് വരാനിരിക്കുന്നത്. അതിനായി ഇനിയും കാത്തിരിക്കാനാവുന്നില്ല-പെയ്ന്‍ പറ‍ഞ്ഞു. പെയ്നിന്റെ ക്യാപ്റ്റന്‍സിയിലാണ് കഴിഞ്ഞ തവണ ഓസീസ് ആദ്യമായി നാട്ടില്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര കൈവിട്ടത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാതെയാണ് അന്ന് ഓസീസ് ഇന്ത്യക്കെതിരെ ഇറങ്ങിയത്.

click me!