
കേപ്ടൗണ്‍: ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരമെന്ന കുപ്രസിദ്ധിയോടെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് സമാപിച്ചത്. വെറും 642 പന്തിൽ മത്സരം ശരവേഗത്തില്‍ അവസാനിച്ചു. ആകെ വീണ 33ല്‍ 23 വിക്കറ്റും ആദ്യ ദിനംതന്നെ കൊഴിഞ്ഞു എന്നതും സവിശേഷതയായിരുന്നു. കണ്ണുചിമ്മി തുറക്കും വേഗത്തില്‍ അവസാനിച്ച ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിനെ കുറിച്ച് രസകരമായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന്‍റെ പ്രതികരണം.
'കേപ്ടൗണില്‍ ആദ്യമായി ടെസ്റ്റ് ജയിക്കാനായതിന്‍റെ വലിയ സന്തോഷം തീര്‍ച്ചയായുമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇതെന്‍റെ മൂന്നാമത്തെ പരമ്പരയാണ്. ഇവിടെ എപ്പോള്‍ എത്തിയാലും മത്സരത്തില്‍ മുന്‍തൂക്കം നേടുമെങ്കിലും ഏതെങ്കിലുമൊരു സെഷനില്‍ നന്നായി ബാറ്റ് ചെയ്യാതെ മത്സരം തോല്‍ക്കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ ഈ വിജയം വലിയ സന്തോഷം നല്‍കുന്നു. ഈ വിജയം വളരെ സ്പെഷ്യലാണ്. ഞങ്ങള്‍ എത്രത്തോളം വൈകാരികമായാണ് ജയത്തെ കാണുന്നത് എന്ന് മറ്റാര്‍ക്കും മനസിലാവില്ല. ടോസ് അല്‍പം മുമ്പാണ് നടന്നത്, ഉടനടി മത്സരം അവസാനിച്ചു എന്നാണ് തോന്നല്‍. കഴിഞ്ഞ നാലഞ്ച് വര്‍ഷക്കാലം മികച്ച പോരാട്ടം കാഴ്ചവെച്ച ടീമാണ് ഇന്ത്യ. ഇന്ത്യക്ക് പുറത്ത് പരമ്പര ജയങ്ങള്‍ നേടാനായി. ടെസ്റ്റ് ക്രിക്കറ്റ് എത്രത്തോളം ആസ്വദിച്ചാണ് നമ്മള്‍ കളിക്കുന്നത് എന്ന് ഇത് പറഞ്ഞുതരും. വിദേശത്തുള്ള ടെസ്റ്റ് വിജയങ്ങള്‍ ഏറെ മൂല്യമുള്ളതാണ്' എന്നും കെ എല്‍ രാഹുല്‍ കേപ്‌ടൗണിലെ രണ്ടാം ടെസ്റ്റിന് ശേഷം പറഞ്ഞു.
കേപ്ടൗണിലെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 55നും ഇന്ത്യ 153 റണ്‍സിനും ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ പ്രോട്ടീസ് 176 റണ്‍സില്‍ ചുരുങ്ങിയതോടെ ഇന്ത്യക്ക് 79 റണ്‍സ് മാത്രമായി വിജയലക്ഷ്യം. ഇത് 12 ഓവറില്‍ അടിച്ചെടുത്ത് ടീം ഇന്ത്യ പരമ്പര 1-1ന് സമനിലയിലാക്കി. ഏഴ് വിക്കറ്റുമായി പേസര്‍ മുഹമ്മദ് സിറാജ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജസ്പ്രീത് ബുമ്രക്കൊപ്പം പരമ്പരയുടെ താരമായി അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഡീൻ എൽഗര്‍ വിട ചൊല്ലി. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാല് ടെസ്റ്റിൽ രണ്ട് ജയം, ഒന്ന് വീതം തോൽവിയും സമനില എന്നിങ്ങനെ 26 പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം