തിലക് വർമ പൂർണ കായികക്ഷമത കൈവരിക്കുന്നത് വരെ സഞ്ജുവിനെ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി പരീക്ഷിക്കണമെന്നും, സൂര്യകുമാർ യാദവിനെപ്പോലെ സഞ്ജുവിനും അർഹമായ സമയം നൽകണമെന്നും ഉത്തപ്പ ആവശ്യപ്പെട്ടു.

ബംഗളൂരു: ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ ഫോമിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ താരത്തിന് ശക്തമായ പിന്തുണയുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. തിലക് വര്‍മ പൂര്‍ണ കായികക്ഷമത കൈവരിക്കുന്നത് വരെ സഞ്ജുവിനെ ഓപ്പണറായി തന്നെ പരീക്ഷിക്കണമെന്നാണ് ഉത്തപ്പയുടെ പക്ഷം. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റണമെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് ഉത്തപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. സൂര്യകുമാര്‍ യാദവിനെപ്പോലെ സഞ്ജുവിനും അര്‍ഹമായ സമയം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഉത്തപ്പ പറയുന്നത് ഇങ്ങനെ... ''ഫോം എന്നത് താത്കാലികം മാത്രമാണ്. അത് ശുഭ്മാന്‍ ഗില്ലായാലും വിരാട് കോലിയായാലും രോഹിത് ശര്‍മ്മയായാലും അങ്ങനെ തന്നെ. സഞ്ജുവിനെപ്പോലൊരു താരത്തിന് ഫോം ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. സൂര്യകുമാര്‍ യാദവിനും ഫോം ഔട്ട് ആയിരുന്നില്ല, മറിച്ച് ഒരു നിശ്ചിത ബാറ്റിംഗ് പൊസിഷനില്‍ ദീര്‍ഘകാലം കളിക്കാന്‍ അവസരം ലഭിക്കാത്തതായിരുന്നു പ്രശ്‌നം.'' ഉത്തപ്പ പറഞ്ഞു. അഭിഷേക് ശര്‍മ്മയും സഞ്ജുവും ഒരുമിച്ച് ഓപ്പണിംഗില്‍ തകര്‍ത്താടുമ്പോള്‍ അത് കാണാന്‍ തന്നെ മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജു സമ്മര്‍ദ്ദത്തിലല്ലാതെ കളിച്ചിട്ടില്ലെന്നും ഉത്തപ്പ കൂട്ടിചേര്‍ത്തു... ''സഞ്ജുവിന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്, അത് അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ ഓരോ തവണ കളത്തിലിറങ്ങുമ്പോഴും മോശമായാല്‍ ടീമിന് പുറത്താകും എന്നൊരു 'വാള്‍' അദ്ദേഹത്തിന്റെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടപ്പുണ്ട്. തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ആ സ്വാതന്ത്ര്യം നല്‍കിയപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്.'' ഉത്തപ്പ വ്യക്തമാക്കി.

ഉത്തപ്പയുടെ നിര്‍ദ്ദേശം

സൂര്യകുമാര്‍ യാദവിനെ മോശം സമയത്തും ടീം പിന്തുണച്ചതുപോലെ സഞ്ജുവിനെയും ഒപ്പം കൂട്ടണമെന്ന് ഉത്തപ്പ ആവശ്യപ്പെടുന്നു. ഇഷാന്‍ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റി സഞ്ജുവിനെ ഓപ്പണറായി തന്നെ നിലനിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ തിലക് വര്‍മ്മ തിരിച്ചെത്തുന്നതോടെ ഏറ്റവും മികച്ച ഇലവനെ തന്നെ ഇന്ത്യ അണിനിരത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ മാസം ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

YouTube video player