
തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ തുടർച്ചയായ രണ്ടാം വിജയവുമായി ട്രിവാൻഡ്രം റോയൽസ്. ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിനെ 42 റൺസിനാണ് റോയൽസ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മാളവിക സാബുവിനും നജ്ല സിഎം സിയ്ക്കുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ പി പ്രിതികയുടെ ഇന്നിങ്സാണ് റോയൽസിന് വിജയം ഒരുക്കിയത്. 55 പന്തുകളിൽ 49 റൺസുമായി പ്രിതിക പുറത്താകാതെ നിന്നു.നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പ്രിതികയുടെ ഇന്നിങ്സ്. നജ്ല സിഎംസി 23 പന്തുകളിൽ 30 റൺസും മാളവിക സാബു 30 പന്തുകളിൽ 21 റൺസും എടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അശ്വതി ബാബുവിന്‍റെ വിക്കറ്റ് നഷ്ടമായി. അശ്വതിയെ പുറത്താക്കി ക്യാപ്റ്റൻ സജ്ന സജീവനാണ് റോയൽസിന് മികച്ച തുടക്കം നൽകിയത്. ശ്രദ്ധയും സൗരഭ്യയും ചേർന്നുള്ള കൂട്ടുകെട്ട് ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന് പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായതോടെ തകർച്ചയ്ക്ക് തുടക്കമായി. മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തിയതോടെ ജാസ്മിൻ ക്രിക്കറ്റ് ക്ലബ്ബിന്‍റെ മറുപടി 80 റൺസിൽ അവസാനിച്ചു. 22 റൺസെടുത്ത സൗരഭ്യയാണ് ജാസ്മിന്‍റെ ടോപ് സ്കോറർ.റോയൽസിന് വേണ്ടി സാന്ദ്ര സുരെനും റെയ്ന റോസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!