'പുതിയ ഡയലോഗ് ഒന്നുമില്ലെ'?; ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന സാന്‍റ്നറുടെ വെല്ലുവിളിക്ക് സൂര്യയുടെ മറുപടി

Published : Mar 07, 2026, 07:24 PM IST
Suryakumar Yadav Press

Synopsis

ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു.

അഹമ്മദാബാദ്: ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ നാളെ ഇന്ത്യ ന്യൂസിലൻഡിനെ നേരിടാനിരിക്കെ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന കിവി ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്‍റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.

ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു. ഫൈനൽ അല്ലെ, നരേന്ദ്ര മോദി സ്റ്റേഡിയം അല്ലേ എന്നൊക്കെ ആശങ്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ എല്ലാത്തിനെയും ലളിതമായി സമീപിക്കാൻ ആണ് ടീമിന് നല്‍കിയിരിക്കുന്ന ഉപദേശം. ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം സമ്മര്‍ദ്ദമില്ലാതെ നിലനിർത്താനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇഷാൻ കിഷൻ, അക്സർ പട്ടേൽ, അർഷ്ദീപ് തുടങ്ങിയവർ തമാശകൾ പറഞ്ഞ് മൂഡ് മാറ്റാൻ മിടുക്കരാണ്. ഞാൻ അവരുടെ അടുത്ത് ചെന്ന് ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്' എന്നൊക്കെയാണ് ചോദിക്കാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ച് സമ്മർദ്ദം കൂട്ടാറില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.

ഫൈനലില്‍ പ്രത്യേക വിജയലക്ഷ്യം മുന്‍കൂട്ടി കണ്ടല്ല ഗ്രൗണ്ടിലിറങ്ങുകയെന്നും വിക്കറ്റിന്‍റെ സാഹചര്യം അനുസരിച്ച് കളിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്‍റെ സ്ട്രൈക്ക് റേറ്റിലെ ഇടിവിനെക്കുറിച്ചോ വരുൺ ചക്രവർത്തിയുടെ ഫോമിനെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും വരുൺ ഇപ്പോഴും ലോക ഒന്നാം നമ്പർ ബൗളറാണെന്നും സൂര്യ വ്യക്തമാക്കി.

ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേല്‍ എന്നിവർക്ക് വലിയ ഫൈനലുകൾ കളിച്ചുള്ള പരിചയസമ്പത്തുണ്ട്. ബാറ്റർ ആയ ഞാൻ ബൗളർമാർക്ക് ഉപദേശം നൽകേണ്ടതില്ല. ബുംറയ്ക്കും അക്ഷറിനും എല്ലാം അറിയാം. കോച്ച് അടക്കം ഐസിസി ടൂർണമെന്‍റുകൾ കളിച്ചിട്ടുള്ള നിരവധി പേര് ടീമിലുണ്ട്. ഇവരുടെയെല്ലാം പരിചയസമ്പത്ത് നാളെ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും സൂര്യ പറ‍ഞ്ഞു. ഫൈനലിന് ഒടുവിൽ എന്ത്‌ സംഭവിക്കും എന്ന് ചിന്തിക്കുന്നില്ല. ഒരുപാട് ചിന്തിക്കാതെ ഈ നിമിഷത്തില്‍ ജീവിക്കുക, കാര്യങ്ങൾ ലളിതമായി കാണുക എന്നതാണ് ടീമിന് നൽകിയിട്ടുള്ള ഉപദേശം.സഞ്ജുവിനെ ഉൾപെടുത്തിയത് പോസിറ്റീവ് തീരുമാനമാണ്. കടുത്ത തീരുമാനങ്ങൾ എടുക്കുന്നതും താരങ്ങളെ അറിയിക്കുന്നതും താനും കോച്ചും ഒന്നിച്ചാണെന്നും ന്യൂസീലൻഡ് നല്ല ക്രിക്കറ്റ്‌ ആണ് കളിക്കുന്നതെന്നും ഏത് വിക്കറ്റ് ആയാലും ടീം തയാറാണെന്നും സൂര്യ പറഞ്ഞു.

നാളെ കിരീടം നേടിയാല്‍ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും, മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറും. കൂടാതെ സ്വന്തം മണ്ണിൽ കിരീടം ഉയർത്തുന്ന ആദ്യ രാജ്യം എന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമാക്കാം. കപിൽ ദേവ്, എം.എസ് ധോണി, രോഹിത് ശർമ്മ എന്നിവർക്ക് ശേഷം ഒരു ഐസിസി കിരീടം ഉയർത്തുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാർ യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പില്‍ സഞ്ജുവിന്‍റെ ഹീറോയിസത്തെ വാഴ്ത്തി രാഹുല്‍ ഗാന്ധി, പക്ഷേ സമദാനിയുടെ പരിഭാഷ കേട്ട് ഞെട്ടി സദസ്
നമ്പര്‍ വൺ താരങ്ങള്‍ പുറത്തേക്കോ?, ലോകകപ്പ് ഫൈനലിൽ കിവീസിനെ പൂട്ടാൻ ഇന്ത്യൻ ടീമില്‍ 2 മാറ്റങ്ങള്‍ക്ക് സാധ്യത