ഇന്ത്യക്ക് ആശ്വസിക്കാം; രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങള്‍ കളിക്കില്ല

By Web TeamFirst Published Dec 23, 2020, 12:19 PM IST
Highlights

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണറിന് പരിക്കേറ്റത്. തുടര്‍ന്ന് ട്വന്റി 20 പരന്പരയിലും ആദ്യ ടെസ്റ്റിലും വാര്‍ണര്‍ കളിച്ചിരുന്നില്ല.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, പേസര്‍ സീന്‍ അബോട്ട് എന്നിവര്‍ രണ്ടാം ടെസ്റ്റില്‍ ഇരുവരുടെയും പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണറിന് പരിക്കേറ്റത്. തുടര്‍ന്ന് ട്വന്റി 20 പരന്പരയിലും ആദ്യ ടെസ്റ്റിലും വാര്‍ണര്‍ കളിച്ചിരുന്നില്ല.

രണ്ടാം ടെസ്റ്റിന് മുന്‍പ് വാര്‍ണര്‍ പരുക്കില്‍ നിന്ന് മുക്തനാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ശനിയാഴ്ച തുടങ്ങുന്ന മെല്‍ബണ്‍ ടെസ്റ്റിന് മുന്‍പ് വാര്‍ണറുടെ പരിക്ക് പൂര്‍ണമായും മാറില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാര്‍ണറിന് പകരം മാത്യു വെയ്ഡാണ് ഒന്നാം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. യുവ ഓള്‍ റൗണ്ടര്‍ കാമറോണ്‍ ഗ്രീനും ടീമിലെത്തിയിരുന്നു.

ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരത്തിലാണ് അബോട്ടിന് പരിക്കേല്‍ക്കുന്നത്. 26നാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. മെല്‍ബണിലാണ് മത്സരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. പേസര്‍ മുഹമ്മദ് ഷമി ഇല്ലാത്തത്തും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും. ഷമിക്ക് പകരം മുഹമ്മദ് സിറാജ് കളിക്കാനാണ് സാധ്യത.

കോലിക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തും. മോശം ഫോമിലുള്ള പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി കളിക്കും. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കും പുറത്തേക്കുള്ള വഴി തെളിയും. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറുടെ റോളില്‍ തിരിച്ചെത്തും.

click me!