
ലക്നൗ: ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലക്നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടത്തിലെ അവസാന ഓവറില്‍ കണ്ടത് നാടകീയ രംഗങ്ങൾ. ഒരു ഓവറിൽ തന്നെ രണ്ട് തവണ അരക്ക് മുകളിലൂടെയുള്ള ഫുള്‍ടോസുകള്‍(ബീമറുകള്‍) എറിഞ്ഞിട്ടും കൊല്‍ക്കത്ത പേസർ കാർത്തിക് ത്യാഗിയെ പന്തെറിയുന്നതില്‍ നിന്ന് വിലക്കാതിരുന്ന അമ്പയര്‍മാരുടെ നടപടിയാണ് വിവാദത്തിലായത്.
കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ലക്നൗവിന് ജയിക്കാൻ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മുഹമ്മദ് ഷമി ബൈ റണ്ണോടി ഹിമ്മത് സിംഗിന് സ്ട്രൈക്ക് കൈമാറി. എന്നാല്‍ രണ്ടാം പന്ത് ഹിമ്മത് സിംഗിനെതിരെ ത്യാഗി എറിഞ്ഞത് അപകടകരമായ ഒരു ബീമറായിരുന്നു. അമ്പയർ ഉടൻ തന്നെ നോ ബോൾ വിളിച്ചു. ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ വീണ്ടും അരക്കെട്ടിന് മുകളിലൂടെ മറ്റൊരു ബീമര്‍ ത്യാഗി എറിഞ്ഞു. ഇതില്‍ ഹിമ്മത് സിംഗിനെ റൊവ്മാന്‍ പവല്‍ ക്യാച്ചെടുത്തെങ്കിലും അമ്പയര്‍ വീണ്ടും നോ ബോള്‍ വിളിച്ചു. ഇത് കൊല്‍ക്കത്ത റിവ്യൂ ചെയ്തെങ്കിലും നോ ബോൾ തന്നെയെന്ന് തേർഡ് അമ്പയർ വിധിച്ചു.
നിയമപ്രകാരം ഒരു ഫാസ്റ്റ് ബൗളർ ഒരു ഓവറില്‍ രണ്ട് തവണ അപകടകരമായ രീതിയിൽ പന്തെറിഞ്ഞാൽ ഉടൻ തന്നെ അയാള്‍ മത്സരത്തില്‍ തുടര്‍ന്ന് ബൗള്‍ ചെയ്യുന്നത് വിലക്കണം. കമന്‍റേറ്റർമാരും ആരാധകരും കാര്‍ത്തിക് ത്യാഗിയെ മാറ്റുമെന്ന് ഉറപ്പിച്ചെങ്കിലും അമ്പയർമാർ ത്യാഗിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇത് ആരാധകരെയും കമന്‍റേറ്റര്‍മാരെയും ഒരുപോലെ ഞെട്ടിച്ചു.
രണ്ടാമത്തെ നോ ബോൾ 'അപകടകരമായ' ഒന്നല്ലെന്ന് വിലയിരുത്തിയാണ് അമ്പയർമാർ ത്യാഗിതെ തുടരാന്‍ അനുവദിച്ചത്. ഐസിസി നിയമം 41.7 പ്രകാരം, അരക്കെട്ടിന് മുകളിലൂടെ വരുന്ന എല്ലാ പന്തുകളും നോ ബോളുകളാണ്. എന്നാൽ, ഒരു ബൗളറെ പുറത്താക്കണമെങ്കിൽ ആ പന്ത് ബാറ്റിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ "അപകടകരമായത്" ആയിരിക്കണം. ത്യാഗിയുടെ രണ്ടാമത്തെ പന്തിന്‍റെ വേഗതയും ദിശയും കണക്കിലെടുത്ത് അത് അപകടകരമല്ലെന്ന് അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പിന്നാലെ ത്യാഗി ഹിമ്മത് സിംഗിനെ പുറത്താക്കി കൊൽക്കത്തയ്ക്ക് ജയം ഉറപ്പിച്ചു എന്ന് കരുതിയതാണ്. എന്നാൽ അവസാന പന്തിൽ മുഹമ്മദ് ഷാമി പായിച്ച തകർപ്പൻ സിക്സറിൽ മത്സരം ടൈയിൽ അവസാനിച്ചു. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ ഒരു റണ്‍സിന് ഓള്‍ ഔട്ടായ ലക്നൗവിനെതിരെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി കൊല്‍ക്കത്ത വിജയം പിടിച്ചെടുത്തു. ജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു (8 മത്സരങ്ങളിൽ നിന്ന് 5 പോയിന്‍റ്). തോൽവിയോടെ ലക്നൗ സൂപ്പർ ജയന്‍റ്സ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് (പത്താം സ്ഥാനം) പിന്തള്ളപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!