എല്ലാം ഔദ്യോഗികം, ഏഷ്യാ കപ്പ് യുഎഇയില്‍; ഇന്ത്യ കളിക്കും, പാകിസ്ഥാനുമായി മൂന്ന് മത്സരത്തിന് സാധ്യത

Published : Jul 26, 2025, 11:38 PM IST
Defending champion India pull out of Asia Cup 2025

Synopsis

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്, സെപ്റ്റംബർ 14ന് ഇരു ടീമുകളും ഏറ്റുമുട്ടും. ടൂർണമെന്റ് ടി20 ഫോർമാറ്റിലാണ് നടക്കുക.

ധാക്ക: ഇത്തവണത്തെ ഏഷ്യാ കപ്പിന് യുഎഇ വേദിയാകും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്നാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്സിന്‍ നഖ്വി എക്സിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിതയത്. ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 14-നാണ്. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടക്കുക. ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് ശേഷം സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും യോഗ്യത നേടിയാല്‍ അവിടെയും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒരു ഇന്ത്യ-പാക് ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. അന്ന് ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് 2023ല്‍ ഇന്ത്യ കിരീടം നേടിയത്.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഏഷ്യാ കപ്പ് പ്രതിസന്ധിയിലായത്. പാകിസ്ഥാനുമായി മത്സരിക്കരുതെന്ന് ആവശ്യമുയരുകയും ഇന്ത്യയില്‍ കളിക്കാനില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുകയും ചെയ്തതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി. ഏഷ്യാ കപ്പിന്റെ ഭാവി തീരുമാനിക്കാനായി ചേരാനിരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) വാര്‍ഷിക പൊതുയോഗ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും എസിസി അധ്യക്ഷനായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മെഹ്സിന്‍ നഖ്വി വഴങ്ങാതിരുന്നതും പ്രതിസന്ധിയുണ്ടാക്കി.

ഫിക്‌സച്ചര്‍

സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ - ഹോങ്കോംഗ്

സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ - യുഎഇ

സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് - ഹോങ്കോംഗ്

സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ - ഒമാന്‍

സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് - ശ്രീലങ്ക

സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ - പാകിസ്ഥാന്‍

സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക - ഹോങ്കോംഗ്

സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ - യുഎഇ

സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ - ഒമാന്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം