ഗ്രൗണ്ട് വിടാമെന്ന് അമ്പയര്‍മാര്‍; കളിക്കാനാണ് വന്നത്, കളിച്ചിട്ടേ പോവു എന്ന് രഹാനെ വ്യക്തമാക്കി; സിറാജ്

By Web TeamFirst Published Jan 21, 2021, 7:24 PM IST
Highlights

അമ്പയര്‍മാര്‍ ഞങ്ങളോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് കളി മതിയാക്കി ഗ്രൗണ്ട് വിടാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കളിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ കളിച്ചിട്ടേ പോവു എന്നും അമ്പയര്‍മാരെ അറിയിച്ചു.

ഹൈദരാബാദ്: വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയര്‍മാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്.

ഓസ്ട്രേലിയയില്‍ താന്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സിറാജ് വ്യക്തമാക്കി. എന്നെ ചില കാണികള്‍ തവിട്ട് നിറമുള്ള കുരങ്ങനെന്ന് വിളിച്ചു. കളിക്കാരനെന്ന നിലയില്‍ ഇക്കാര്യം ഞാനെന്‍റെ ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം അത് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ പോള്‍ റീഫലിന്‍റെയും പോള്‍ വില്‍സണിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി. എനിക്ക് നീതി ലഭിച്ചോ എന്നത് വിഷയമല്ല. ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോള്‍ അത് ക്യാപ്റ്റന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നത് എന്‍റെ കടമയാണ്.

അമ്പയര്‍മാര്‍ ഞങ്ങളോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് കളി മതിയാക്കി ഗ്രൗണ്ട് വിടാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കളിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ കളിച്ചിട്ടേ പോവു എന്നും അമ്പയര്‍മാരെ അറിയിച്ചു. മോശമായി പെരുമാറുന്ന കാണികളെ നിയന്ത്രിക്കണമെന്നും രഹാനെ ആവശ്യപ്പെട്ടു.

കാണികളുടെ ക്രൂരമായ പെരുമാറ്റം തന്‍റെ പോരാട്ടവീര്യം ഉയര്‍ത്തുകയാണ് ചെയ്തയെന്നും സിറാജ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍ എന്നെ മാനസികമായി കരുത്തനാക്കി. അതൊന്നും എന്‍റെ കളിയെ ബാധിക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും സിറാജ് വ്യക്തമാക്കി. വംശീയാധിക്ഷേപം നടത്തിയ ആറ് കാണികളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയശേഷമായിരുന്നു പിന്നീട് മത്സരം തുടര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പു പറയുകയും ചെയ്തിരുന്നു.

click me!