
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസറുടെ വേഗമേറിയ പന്തെറിഞ്ഞ് ഉമ്രാന്‍ മാലിക്, ഇന്നലെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ഉമ്രാന്‍റെ പന്തിന്‍റെ വേഗം 155 കിലോ മീറ്ററായിരുന്നു. ഇതോടെ 153.36 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ജസ്പ്രീത് ബുമ്രയുടെ മുന്‍ റെക്കോര്‍ഡ് ഉമ്രാന്‍ മറികടന്നു.
153.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള മുഹമ്മദ് ഷമിയാണ് രാജ്യന്തര ക്രിക്കറ്റില്‍ വേഗേമറിയ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാരില്‍ മൂന്നാം സ്ഥാനത്ത്. 152.85 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള നവദീപ് സെയ്നിയാണ് വേഗത്തിന്‍റെ കാര്യത്തില്‍ നാലാമത്. ഐപിഎല്ലില്‍ സ്ഥിരമായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാറുള്ള ഉമ്രാന്‍റെ വേഗമേറിയ പന്ത് 156 കിലോ മീറ്ററാണ്. ശ്രീലങ്കക്കെതിരെ നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഉമ്രാന്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചരുന്നു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ശ്രീലങ്കക്ക് ജയപ്രതീക്ഷ നല്‍കിയ ലങ്കന്‍ നായകനെ പുറത്താക്കിയ ഉമ്രാന്‍റെ ബൗളിംഗാണ് മത്സരത്തില്‍ വഴിത്തിരിവായത്. യുസ്‌വേന്ദ്ര ചാഹലിന്‍റെ തകര്‍പ്പന്‍ ക്യാച്ചിലാണ് 27 പന്തില്‍ 45 റണ്‍സെടുത്ത ഷനക പുറത്തായത്.
ഇന്നലെ മുംബൈയിൽ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് റൺസിന്‍റെ ആവേശജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച പേസര്‍ ശിവം മാവി നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ രണ്ടോവറില്‍ 26 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തി. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 41 റണ്‍സ് വഴങ്ങി.