കിരീടം കാക്കാന്‍ ഇന്ത്യ, കന്നിക്കിരീടം ലക്ഷ്യമിട്ട് ബംഗ്ലാദേശ്; അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്

By Web TeamFirst Published Feb 9, 2020, 6:50 AM IST
Highlights

തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ തരിപ്പണമാക്കിയപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ കീഴടക്കി. 
 

പോച്ചെഫ്റ്റ്റൂം(ദക്ഷിണാഫ്രിക്ക): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ, ഫൈനലിൽ അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ ആവേശവുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ തരിപ്പണമാക്കിയപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ കീഴടക്കി. 

അഞ്ച് കളിയിൽ പാകിസ്ഥാനെതിരായ സെഞ്ച്വറിയടക്കം 312 റൺസെടുത്ത യശസ്വീ ജയ്സ്വാളിന്റെ ബാറ്റിന് ബംഗ്ലാദേശ് പകരംവയ്ക്കുന്നത് മുഹമ്മദുൽ ഹസൻ ജോയി. അതിവേഗത്തിൽ പന്തെറിയുന്ന കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര ജോഡിക്ക് തൻസിം ഹസൻ, സാകിബ് ഷറീഫുൾ ഇസ്ലാമും രവി ബിഷ്ണോയിയുടെ സ്പിൻ കരുത്തിന് റാകിബുൾ ഹസനും ബംഗ്ലാ മറുപടിയാവും. മുൻപ് ഏറ്റുമുട്ടിയപ്പോൾ നാലിൽ ഇന്ത്യയും ഒരിക്കൽ ബംഗ്ലാദേശും ജയിച്ചു.

കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ ബംഗ്ലാദേശിനെ തോൽപിച്ചാണ് ഇന്ത്യ കിരീടത്തിലേക്ക് കുതിച്ചത്. പാകിസ്ഥാനെ ഇന്ത്യ പത്ത് വിക്കറ്റിന് തകർത്ത അതേ വിക്കറ്റിലാണ് ഫൈനൽ പോരാട്ടം. മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും കളിമുടങ്ങാൻ സാധ്യതയില്ല.

click me!