'മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയത് ദൗര്‍ഭാഗ്യകരം'; വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് വിരാട് കോലി

By Web TeamFirst Published Sep 13, 2021, 9:38 PM IST
Highlights

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കേണ്ടതിനാലും ആറ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതിനാലും അവര്‍ പിന്മാറുകയായിരുന്നുവെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ സംസാരം.

ദുബായ്: ഇംഗ്ലണ്ടുമായുള്ള മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിച്ചിരുന്നു. പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ പിന്മാറിയതെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കേണ്ടതിനാലും ആറ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടതിനാലും അവര്‍ പിന്മാറുകയായിരുന്നുവെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ സംസാരം.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കോലി. ദൗര്‍ഭാഗ്യകരം എന്നാണ് കോലി മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയ സംഭവത്തെ കുറിച്ച് പറഞ്ഞത്. ''പരമ്പര നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതിനെ നിര്‍ഭാഗ്യകരം എന്ന് മാത്രമാണ് പറയാന്‍ കഴിയൂ. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. ഏത് സമയത്തും എന്തും സംഭവിക്കാം.'' ആര്‍സിബിയുടെ ബോള്‍ഡ് ഡയറീസ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു കോലി.

കോലിയും സഹതാരം മുഹമ്മദ് സിറാജും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ ദുബായില്‍ എത്തിയിരുന്നു. താരങ്ങള്‍ ഇനി ക്വാറന്റീനില്‍ പ്രവേശിക്കും. ഐപിഎല്ലിന്റെ രണ്ടാംപാതിയെ കുറിച്ചും കോലി വാചാലനായി. ''മികച്ച ഐപിഎല്ലായിരിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എല്ലാവരും സുരക്ഷിതമായിരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം എല്ലാവരുടേയും ഭാഗത്തുനിന്നുണ്ടാവണം. ഐപിഎല്‍ ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ഗുണം ചെയ്യും.'' കോലി കൂട്ടിച്ചേര്‍ത്തു.

ആര്‍സിബി ക്യാംപിലെത്തിയ പുതിയ താരങ്ങളെ കാണാന്‍ തിടുക്കമായെന്നും അവരുമൊത്തെ മനോഹരമായ ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോലി വ്യക്തമാക്കി. 

ഈമാസം 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ മത്സരം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി നിലവില്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

click me!