അയര്‍ലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്ത് യുഎഇ, കളിയിലെ താരമായി മലയാളി താരം സി പി റിസ്‌വാന്‍

By Web TeamFirst Published Jan 8, 2021, 9:05 PM IST
Highlights

നാലാം വിക്കറ്റില്‍ റിസ്‌വാനും ഉസ്മാനും ചേര്‍ന്ന് 184 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി യുഎഇയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു.

അബുദാബി: മലയാളിയായ സി പി റിസ്‌വാന്‍റെ കന്നി സെഞ്ചുറി മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ അയര്‍ലന്‍ഡിനെ ആറ് വിക്കറ്റിന് കീഴടക്കി യുഎഇ. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് പോള്‍ സ്റ്റെര്‍ലിംഗിന്‍റെ സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തപ്പോള്‍ റിസ്‌വാന്‍റെയും(109), മുഹമ്മദ് ഉസ്മാന്‍റെയും(102*) സെഞ്ചുറികളുടെ മികവില്‍ യുഎഇ 49 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ അയര്‍ലന്‍ഡ് 50 ഓവറില്‍ 269/5, യുഎഇ 49 ഓവറില്‍ 270/4.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ യുഎഇക്ക് തുടക്കം പിഴച്ചു. 38 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ സവര്‍ ഫാരിദിനെയും(15), വൃത്യ അരവിന്ദിനെയും(14) നഷ്ടമായ യുഎഇക്ക് സ്കോര്‍ 51ല്‍ എത്തിയപ്പോള്‍ അലിഷാന്‍ ഷറഫുവിനെയും നഷ്ടമായതോടെ തകര്‍ച്ചയിലായെങ്കിലും നാലാം വിക്കറ്റില്‍ റിസ്‌വാനും ഉസ്മാനും ചേര്‍ന്ന് 184 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി യുഎഇയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു.

136 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് റിസ്‌വാന്‍ 109 റണ്‍സെടുത്തത്. വിജയത്തിന് 35 റണ്‍സകലെ റിസ്‌വാന്‍ പുറത്തായെങ്കിലും 107 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും പറത്തി 102 റണ്‍സുമായി ഉസ്മാന്‍ യുഎഇയെ വിജയത്തിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം നേപ്പാളിനെതിരായ ടി20 മത്സരത്തിലൂടെയാണ് മലയാളിയായ റിസ്‌വാന്‍ യുഎഇക്കുവേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. യുഎഇക്കായി 10 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ചുറി അടക്കം 288 റണ്‍സാണ് റിസ്‌വാന്‍റെ സമ്പാദ്യം. ഷാര്‍ജയില്‍ താമസിക്കുന്ന റിസ്‌വാന്‍ കേരളത്തിന്‍റെ മുന്‍ രഞ്ജി താരം കൂടിയാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് റിസ്‌വാന് യുഎഇ ദേശീയ ടീമിലേക്ക് വഴി തുറന്നത്. 32കാരനായ റിസ്‌വാന്‍ 2014ലാണ് യുഎഇയിലെത്തിയത്.

click me!