
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആവേശം വാനോളമുയർത്തി കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ പോരാട്ടം നേരിട്ട് കാണാൻ ടീം സഹ ഉടമയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ 'യൂണിവേഴ്സൽ ബോസ്' ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തുന്നു. നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും സ്വന്തം താരങ്ങൾക്ക് ആവേശവും ഊർജ്ജവും പകരാനുമാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം നേരിട്ടെത്തുന്നത്.
ഓഗസ്റ്റ് 29-ന് ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്‍റെ ആവേശപ്പോരാട്ടം നടക്കുന്നത്. ഈ മത്സരത്തിൽ ടീമിന് പിന്തുണ നൽകാനായി സാക്ഷാൽ ക്രിസ് ഗെയ്ൽ ഗാലറിയിലുണ്ടാകും. കേരളത്തിലെ മുഴുവൻ ക്രിക്കറ്റ് പ്രേമികളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് ആസ്വദിക്കുകയും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തങ്ങളുടെ പിന്തുണ നൽകുകയും ചെയ്യണമെന്ന് ടീം മാനേജ്‌മെന്‍റ് അഭ്യർത്ഥിച്ചു. ആരാധകരുടെ വലിയ പിന്തുണ ടീമിന്‍റെ വിജയങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും അവർ കൂട്ടിച്ചേർത്തു.
ക്രിസ് ഗെയ്ൽ കൊച്ചി ടീമിനൊപ്പം സഹഉടമയായി ചേരുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. അദ്ദേഹം എന്ന് സ്റ്റേഡിയത്തിൽ എത്തി കളി കാണുമെന്ന ചോദ്യങ്ങൾക്കാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്, ഗാലറിയിലെ കാണികളുടെ പിന്തുണയ്‌ക്കൊപ്പം ഗെയ്‌ലിന്‍റെ സാന്നിധ്യം കൂടി ലഭിക്കുന്നത് ഇരട്ടി ആവേശമാകും. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പവർ ഹിറ്റർമാരിലൊരാളായ ഗെയ്ൽ നേരിട്ടെത്തുന്നതോടെ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ആഗോളതലത്തിൽ ശ്രദ്ധ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!