പന്ത് ചുരണ്ടൽ വിവാദത്തിൽ ഡേവിഡ് വാർണർ ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിച്ചിരുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. കുറ്റം ബാൻക്രോഫ്റ്റിൽ മാത്രം ചുമത്താനുള്ള നീക്കത്തെ മിച്ചൽ മാർഷ് ശക്തമായി ചോദ്യം ചെയ്യുകയായിരുന്നു.

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഓസ്ട്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആദ്യം മടിച്ചിരുന്നുവെന്ന് ഓസ്ട്രേലിയന്‍ കായിക മാധ്യമമായ സ്പോര്‍ട്സ് എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്കിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ മാത്രം കുറ്റപ്പെടുത്താന്‍ അനുവദിക്കുന്നതിനെച്ചൊല്ലി ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് വാര്‍ണറുമായി ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വിവാദത്തെത്തുടര്‍ന്ന് വാര്‍ണര്‍ക്കും അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും 12 മാസത്തെ വിലക്കും, ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ലഭിച്ചിരുന്നു.

വിവാദത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ആദ്യം ഒത്തുചേര്‍ന്നപ്പോള്‍, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വാര്‍ണര്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ അതുവരെ അദ്ദേഹത്തിന്റെ പേര് നേരിട്ട് ഉയര്‍ന്നുവന്നിട്ടില്ലായിരുന്നു എന്നതിനാല്‍ കുറ്റം പങ്കുവെക്കാന്‍ വാര്‍ണര്‍ വിസമ്മതിക്കുകയായിരുന്നു. കേപ് ടൗണിലെ ടീം ഹോട്ടലില്‍ പിന്നീട് ചേര്‍ന്ന താരങ്ങളുടെ യോഗത്തിലാണ് സാഹചര്യം മാറിയത്. മുന്നോട്ടുവരാന്‍ മടിച്ച വാര്‍ണറെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ശക്തമായി ചോദ്യം ചെയ്തു.

ബാന്‍ക്രോഫ്റ്റ് മുഴുവന്‍ കുറ്റവും സ്വയം ഏറ്റെടുക്കാന്‍ തയ്യാറായി നിന്നപ്പോള്‍, സ്മിത്ത് അത് പങ്കുവെക്കാന്‍ സന്നദ്ധത കാണിച്ചു. എന്നാല്‍ വാര്‍ണര്‍ ആദ്യം മാറിനില്‍ക്കാനാണ് ശ്രമിച്ചത്. പിന്നീട് വാര്‍ണര്‍ക്ക് സമ്മതിക്കേണ്ടി വരികയായിരുന്നു. താങ്കള്‍ക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ലെന്ന് മാര്‍ഷ്, വാര്‍ണറോട് പറയുകയായിരുന്നു. 'ഞാന്‍ കുറ്റം ഏറ്റെടുക്കാം, പക്ഷേ അതിന്റെ പൂര്‍ണ്ണ ഭാരം എന്റെ തലയില്‍ വെക്കേണ്ട' എന്നാണ് അദ്ദേഹം മാര്‍ഷലിനോട് മറുപടി പറയുകയും ചെയ്തു.

വീണ്ടും ആളിക്കത്തുന്ന സാന്റ്പേപ്പര്‍ വിവാദം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തിന്റെ അവസ്ഥ മാറ്റാന്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പേപ്പര്‍ ഉപയോഗിക്കുന്നത് ടെലിവിഷന്‍ ക്യാമറകളില്‍ പതിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാദവുമായി ബന്ധപ്പെട്ട് വീണ്ടും പരിശോധനകള്‍ ഉയരുന്നത്.

വിലക്ക് ലഭിച്ച മൂന്ന് താരങ്ങള്‍ക്കപ്പുറത്തേക്ക് ബോള്‍ ടാംപറിംഗ് പദ്ധതിയെക്കുറിച്ചുള്ള അറിവുണ്ടായിരുന്നുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ തന്റെ ആത്മകഥയില്‍ അവകാശപ്പെട്ട് ഈ ചര്‍ച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയിരുന്നു. എന്തുകൊണ്ടാണ് മുഴുവന്‍ ടീമും കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതെന്നും ഖവാജ ചോദിച്ചിരുന്നു.

YouTube video player