കോലിക്കും ഗില്ലിനും ശേഷം ശ്രേയസ് അയ്യര്‍! അയര്‍ലന്‍ഡിനെതിരെ തോല്‍വിക്ക് പിന്നാലെ മോശം റെക്കോഡ്

Published : Jun 27, 2026, 02:31 AM IST
Shreyas Iyer

Synopsis

അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തില്‍ തോറ്റതോടെ, ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ പരാജയപ്പെടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന മോശം റെക്കോഡ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കി. വിരാട് കോലി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങള്‍. 

ബെല്‍ഫാസ്റ്റ്: അന്താരാഷ്ട്ര ടി20യില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തോല്‍ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍. അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടതിന് പിന്നാലെയാണ് ശ്രേയസിനെ തേടി ആ അനാവശ്യ റെക്കോഡെത്തിയത്. ഇന്ന് അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

മോശം റോക്കോഡിന്റെ ഈ പട്ടികയില്‍ ശ്രേയസിന് പുറമെ വിരാട് കോലി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരാണുള്ളത്. 2017 കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറിയ കോലി ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. അടുത്തത് പന്തിന്റെ ഊഴമായിരുന്നു. 2022ല്‍ ദക്ഷണാഫ്രിക്കക്കെതിരെ ക്യാപ്റ്റനായി അരങ്ങേറിയ പന്തിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ഗില്ലിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 2024 സിംബാബ്‌വെക്കെതിരെ ആയിരുന്നു അരങ്ങേറ്റം. എന്നാല്‍ പരാജയപ്പെട്ടു. ഇപ്പോള്‍ ശ്രേയസും.

മത്സരത്തിന് ശേഷം തോല്‍വിയെ കുറിച്ച് ശ്രേയസ് സംസാരിച്ചിരുന്നു. തോല്‍വിക്ക് ഒഴികഴിവുകള്‍ പറയാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മുതിര്‍ന്നില്ല. ടീമിന്റെ മോശം പ്രകടനത്തെ ശ്രേയസ് മത്സരശേഷം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ''ക്രിക്കറ്റില്‍ ഒന്നും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. മൈതാനത്തിറങ്ങി വെറുതെ മത്സരങ്ങള്‍ ജയിക്കാം എന്ന് ആരും കരുതേണ്ട. അതിനായി കഠിനാധ്വാനം ചെയ്യണം. സാഹചര്യങ്ങളെയും എതിരാളികളെയും ഒരിക്കലും നിസ്സാരമായി കാണരുത്. കൃത്യമായി പ്ലാനുകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയിക്കാനാകൂവെന്നും ശ്രേയസ് വ്യക്തമാക്കി. നായകനായുള്ള ആദ്യ മത്സരത്തില്‍ തന്നെ നാണംകെട്ട തോല്‍വി വഴങ്ങിയെങ്കിലും ഇതൊരു നല്ല പാഠമാണ്.'' ശ്രേയസ് പറഞ്ഞു.

മത്സരത്തിന്റെ തുടക്കത്തില്‍ നമ്മുടെ ബോളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ മധ്യ ഓവറുകളില്‍ പ്ലാനുകള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് പിഴച്ചു. ബൗണ്ടറികള്‍ ചെറുതായ വശങ്ങളിലേക്ക് അവര്‍ക്ക് അനായാസം സിക്‌സറുകള്‍ അടിക്കാന്‍ നമ്മള്‍ അവസരമൊരുക്കി. അവരെ 140 റണ്‍സില്‍ ഒതുക്കേണ്ടതായിരുന്നു. എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണ്. ക്യാപ്റ്റനെന്ന നിലയില്‍ എനിക്കിത് മികച്ചൊരു തുടക്കമണ്, ഇതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഓസീസിനെതിരെ ആക്രമണം തന്നെ മുഖ്യായുധം'; വെല്ലുവിളി ഏറ്റെടുത്ത് ജെമീമ റോഡ്രിഗസ്
വൈഭവ് സൂര്യവംശിയെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനം; തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍