
ദുബായ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആധികാരിക ജയം നേടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ എട്ട് വിക്കറ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമായി ഓസീസ്. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 60 പോയന്‍റും 100 പോയന്‍റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച മൂന്ന് മത്സര പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്കയാണ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 36 പോയന്‍റും 75 പോയന്‍റ് ശതമാനവുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്.
രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ നാലാം സ്ഥാനത്താണ്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി അഞ്ചാം സ്ഥാനത്ത് തന്നെയാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ന്യൂസിലന്‍ഡ് 4 പോയന്‍റും 33.33 പോയന്‍റ് ശതമാവുമായി ആറാമതെത്തിയപ്പോള്‍ ആറാമതുണ്ടായിരുന്ന ഇംഗ്ലണ്ട് ബ്രിസ്ബേന്‍ ടെസ്റ്റിലെ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.രണ്ട് ടെസ്റ്റില്‍ ഒരു സമനിലയും ഒരു തോല്‍വിയും അടക്കം നാലു പോയന്‍റും 16.67 പോയന്‍റ് ശതമാനവുമുള്ള ബംഗ്ലാദേശ് എട്ടാമതുള്ളപ്പോൾ കളിച്ച ആറില്‍ അഞ്ച് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!