ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപം നേരിട്ടു; വെളിപ്പെടുത്തലുമായി ഉസ്മാന്‍ ഖവാജ

By Web TeamFirst Published Jun 4, 2021, 9:46 PM IST
Highlights

ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റുകള്‍ താരം കളിച്ചു. എന്നാല്‍ ഗൗരവമേറിയ ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് ഖ്വാജ.
 

സിഡ്നി: പാകിസ്ഥാനില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ക്രിക്കറ്ററാണ് ഉസ്മാന്‍ ഖവാജ. തന്റെ അഞ്ചാം വയസിലാണ് കുടുംബത്തോടൊപ്പം ഖവാജ ഓസ്‌ട്രേലിയയിലെത്തുന്നത്. പിന്നീട് ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റുകള്‍ താരം കളിച്ചു. എന്നാല്‍ ഗൗരവമേറിയ ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് ഖ്വാജ. ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നാണ് ഖവാജ പറയുന്നത്.

നിറത്തിന്റെ പേരില്‍ ഞാനൊരിക്കലും ഓസ്‌ട്രേലിയന്‍ ടീമില്‍ കയറില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നുവെന്ന് ഖവാജ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പാകിസ്ഥാനില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയ സമയം ഞാനേറെ ബുദ്ധിമുട്ടിയിരുന്നു. വളരെ പെട്ടന്നൊന്നും എനിക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഇഷ്ടപ്പെടാന്‍ ആയിരുന്നില്ല. ഞാന്‍ ജനിച്ചത് പാകിസ്ഥാനില്‍ ആയിരുന്നത് കൊണ്ടാണത്.

ഞാന്‍ ഓസ്‌ട്രേലിയന്‍ ടീമിന് ഇണങ്ങുന്നവല്ലെന്ന് ഇടക്കാലത്ത് പറഞ്ഞിരുന്നു. എന്റെ നിറമായിരുന്നു അതിന് കാരണം. എന്നെ ടീമിലേക്ക് സെലക്റ്റ് ചെയ്യില്ലെന്ന് പലരും പറഞ്ഞു. അങ്ങനെയായിരുന്നു ആളുകളുടെ ചിന്താഗതി. എന്നാല്‍ ഇപ്പോഴത് മാറാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഒരു ഭാഗമായത് പോലെയാണ് തോന്നുന്നത്.'' ഖവാജ പറഞ്ഞുനിര്‍ത്തി.

ഓസീസിനായി 44 ടെസ്റ്റുകളില്‍ നിന്ന് 2887 റണ്‍സാണ് ഖവാജ നേടിയത്. ഇതില്‍ എട്ട് സെഞ്ചുറികളും ഉള്‍പ്പെടും. 40 ഏകദിനങ്ങളില്‍ 1554 റണ്‍സും നേടി. ഇതില്‍ രണ്ട് സെഞ്ചുറികളുണ്ടായിരുന്നു.

click me!