28 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി സൂര്യവംശി, റെക്കോര്‍ഡ്; മറികടന്നത് കിഷനും ഡിവില്ലിയേഴ്‌സും ഉള്‍പ്പെടുന്ന താരങ്ങളെ

Web Desk   | ANI
Published : Nov 24, 2026, 05:02 PM IST
Vaibhav Sooryavanshi

Synopsis

ലിസ്റ്റ് എ ക്രിക്കറ്റിൽ വൈഭവ് സൂര്യവംശി 28 പന്തിൽ സെഞ്ചുറി നേടി പുതിയ റെക്കോർഡിട്ടു. റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇക്കെതിരെയാണ് ഈ നേട്ടം. ജേക്ക് ഫ്രേസർ, എബി ഡി വില്ലിയേഴ്സ് തുടങ്ങിയ വമ്പന്മാരുടെ റെക്കോർഡുകളാണ് തകർന്നത്.

ദോഹ: ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി വൈഭവ് സൂര്യവംശി. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യ എ ടീമിന് വേണ്ടിയാണ് സൂര്യവംശി അതിവേഗ സെഞ്ചുറി നേടിയത്. 28 പന്തിലായിരുന്നു 100 തികച്ചത്. 44 പന്തില്‍ 164 റണ്‍സുമായി ഇപ്പോഴും ക്രീസില്‍ തുടരുകയാണ് താരം. സൂര്യവംശിയുടെ കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ യുഎഇ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഹര്‍പ്രീത് സിംഗ് ഭാട്ടിയയുടെ (130) സെഞ്ചുറിയാണ് യുഎഇയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍കിന്റെ പേരിലുള്ള റെക്കോഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. 29 പന്തില്‍ ജേക്ക് ഫ്രേസര്‍ സെഞ്ചുറി നേടിയിരുന്നു. എബി ഡി വില്ലിയേഴ്‌സ് (31), സാക്കിബുള്‍ ഗന (32), ഇഷാന്‍ കിഷന്‍ (33) എന്നിവരും സൂര്യവംശിക്ക് പിന്നിലായി. 36 പന്തുകള്‍ മാത്രം നേരിട്ട സൂര്യവംശിയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ 135 റണ്‍സായി. 22 സിക്‌സും അഞ്ച് ഫോറും ഇതില്‍ ഉള്‍പ്പെടും. റിങ്കു സിംഗാണ് (18) സൂര്യവംശിക്ക് കൂട്ട്. അഭിഷേക് ശര്‍മ (12), പ്രഭ്‌സിമ്രാന്‍ സിംഗ് (3) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

നേരത്തെ, 144 പന്തില്‍ 130 റണ്‍സെടുത്ത ഹര്‍പ്രീത് സിംഗാണ് യുഎഇയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം ബാസില്‍ ഹമീദും യുഎഇക്കായി തിളങ്ങി. ഇന്ത്യക്കായി അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. സെമിയിലെത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് യുഎഇക്കായി ഹര്‍പ്രീത് സിംഗ് ഭാട്ടിയയുടെ മിന്നും പ്രകടനം. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം കളിച്ചിട്ടും ദേശീയ ടീമില്‍ അവസരം ലഭിക്കാതിരുന്നതോടെ യുഎഇയിലേക്ക് കുടിയേറിയ താരമാണ് ഹര്‍പ്രീത്.

യുഎഇക്കായി മൂന്നാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് 40-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്ത് സിക്‌സറിന് പറത്തിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്നതാണ് ഹര്‍പ്രീതിന്റെ ഇന്നിംഗ്‌സ്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ യുഎഇയെ മുഹമ്മദ് ഷഹദാദ്, ഈഥന്‍ ഡിസൂസ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളിലൂടെ ഹര്‍പ്രീത് കരകയറ്റുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി മുന്‍ ഇന്ത്യൻ താരം ഹര്‍പ്രീത് സിംഗ്, റൈസിംഗ് സ്റ്റാര്‍സ് എഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ യുഎഇക്ക് ഭേദപ്പെട്ട സ്കോര്‍
സിക്സർ മഴ പെയ്യിച്ച് പ്രിയാൻഷ് ആര്യ; 68 പന്തിൽ 181 റൺസ്, ഗെയ്‌ലിനെയും രാഹുലിനെയും മറികടന്ന് ലോകറെക്കോർഡ്