സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിനെതിരെ ഡൽഹി നായകൻ പ്രിയാൻഷ് ആര്യക്ക് ലോകറെക്കോർഡ്. 68 പന്തിൽ 181 റൺസ് നേടിയ താരം ഒരു ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന റെക്കോർഡിനൊപ്പമെത്തി.

ഇൻഡോർ: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച് ഡൽഹി നായകനും യുവതാരവുമായ പ്രിയാൻഷ് ആര്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിനെതിരെ നടന്ന മത്സരത്തിൽ 68 പന്തിൽ 181 റൺസ് അടിച്ചുകൂട്ടിയ പ്രിയാൻഷ്, ഒരു ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്ററെന്ന ലോകറെക്കോർഡിനൊപ്പമെത്തി. തമിഴ്‌നാട് ബൗളർമാരെ അടിച്ചുപറത്തിയ പ്രിയാൻഷ് ആര്യ 19 സിക്സറുകളും 7 ഫോറുകളും പറത്തി. പ്രിയാൻഷിന്‍റെ ബാറ്റിംഗ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സടിച്ചു.

ഇൻഡോറിലെ ഡാലി കോളേജ് ഗ്രൗണ്ടിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ഡൽഹിക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത പ്രിയാൻഷ് തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു. ഒരു ടി20 മത്സരത്തിൽ 19 സിക്സറുകൾ നേടിയ ന്യൂസിലൻഡ് താരം ഫിൻ അലന്‍റെ ലോകറെക്കോർഡിനൊപ്പമാണ് പ്രിയാൻഷ് എത്തിയത്. 2025 ജൂണിൽ മേജർ ലീഗ് ക്രിക്കറ്റിൽ വാഷിംഗ്ടൺ ഫ്രീഡത്തിനെതിരെ സാൻ ഫ്രാൻസിസ്കോ യൂണിക്കോൺസിനായി 51 പന്തിൽ 151 റൺസ് നേടിയപ്പോഴാണ് ഫിൻ അലൻ 19 സിക്സറുകൾ പായിച്ചത്. 18 സിക്സറുകൾ വീതം നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും എസ്റ്റോണിയയുടെ സാഹിൽ ചൗഹാനുമാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.

Scroll to load tweet…

181 റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും പ്രിയാൻഷ് സ്വന്തം പേരിലാക്കി. 2026 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി കെ.എൽ. രാഹുൽ നേടിയ പുറത്താകാതെയുള്ള 152 റൺസിന്‍റെ റെക്കോർഡാണ് പ്രിയാൻഷ് പഴങ്കഥയാക്കിയത്. തിലക് വർമ്മ (151), അഭിഷേക് ശർമ്മ (148), ശ്രേയസ് അയ്യർ (147) എന്നിവരാണ് ഇന്ത്യൻ താരങ്ങളിൽ പിന്നിലുള്ളത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യൻ റെക്കോർഡിന് പുറമെ ലോക ടി20 ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും പ്രിയാൻഷ് സ്വന്തമാക്കി. 2013 ഐപിഎല്ലിൽ ക്രിസ് ഗെയ്ൽ നേടിയ 175 റൺസിന്‍റെ ഇന്നിംഗ്‌സാണ് പ്രിയാൻഷ് മറികടന്നത്. ദക്ഷിണാഫ്രിക്കയുടെ ലുവാൻ-ഡ്രെ പ്രിട്ടോറിയസ് (79 പന്തിൽ പുറത്താകാതെ 188 റൺസ്) മാത്രമാണ് ഇനി ലോക ക്രിക്കറ്റിൽ പ്രിയാൻഷിന് മുന്നിലുള്ളത്. കൂടാതെ, ടി20 ക്രിക്കറ്റിൽ ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചിന്‍റെ (172 റൺസ്) റെക്കോർഡും പ്രിയാൻഷ് ആര്യ തകർത്തു.
YouTube video player