സെഞ്ചുറിയുമായി മുന്‍ ഇന്ത്യൻ താരം ഹര്‍പ്രീത് സിംഗ്, റൈസിംഗ് സ്റ്റാര്‍സ് എഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ യുഎഇക്ക് ഭേദപ്പെട്ട സ്കോര്‍

Published : Nov 24, 2026, 03:24 PM IST
Harpreet Singh

Synopsis

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ടീമിനെതിരെ യുഎഇയ്ക്കായി മുൻ ഇന്ത്യൻ അണ്ടർ 19 വൈസ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയയ്ക്ക് സെഞ്ചുറി.

ദോഹ: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്‍റിൽ ഇന്ത്യ എ ടീമിനെതിരെ യുഎഇയ്ക്കായി തകർപ്പൻ സെഞ്ച്വറി നേടി മുൻ ഇന്ത്യൻ അണ്ടര്‍ 19 വൈസ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ. ഹര്‍പ്രീത് സിംഗിന്‍റെ സെഞ്ചുറി കരുത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ ഇന്ത്യക്കെതിരെ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. 144 പന്തില്‍ 130 റണ്‍സെടുത്ത ഹര്‍പ്രീത് സിംഗാണ് യഎഇയുടെ ടോപ് സ്കോറര്‍. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം ബാസില്‍ ഹമീദും യുഎഇക്കായി തിളങ്ങി. ഇന്ത്യക്കായി അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു.

സെമിയിലെത്താൻ ഇന്ത്യക്ക് വിജയം അനിവാര്യമായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് യുഎഇക്കായി ഹര്‍പ്രീത് സിംഗ് ഭാട്ടിയയുടെ മിന്നും പ്രകടനം. 120 പന്തിൽ സെഞ്ചുറിയിലെത്തിയ ഹര്‍പ്രീത് 144 പന്തില്‍ 130 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററായി. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളോളം കളിച്ചിട്ടും ദേശീയ ടീമിൽ അവസരം ലഭിക്കാതിരുന്നതോടെയാണ് ഹര്‍പ്രീത്, യുഎഇയിലേക്ക് കുടിയേറിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യൻ സീനിയ‍ർ ടീം അംഗമായ തിലക് വർമ്മ നയിക്കുന്ന ഇന്ത്യ എ ടീമിലെ ഹർഷിത് റാണ, ഷഹബാസ് അഹമ്മദ്, ഹർഷ് ദുബെ എന്നിവരടങ്ങുന്ന ശക്തമായ ബൗളിംഗ് നിരയെ നേരിട്ടായിരുന്നു ഹർപ്രീതിന്‍റെ സെഞ്ചുറി നേട്ടമെന്നതും ശ്രദ്ധേയമാണ്. യുഎഇക്കായി മൂന്നാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് 40-ാം ഓവറിൽ ഹർഷിത് റാണയുടെ പന്ത് സിക്സറിന് പറത്തിയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. 12 ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങുന്നതാണ് ഹര്‍പ്രീതിന്‍റെ ഇന്നിംഗ്സ്. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായ യുഎഇയെ മുഹമ്മദ് ഷഹദാദ്, ഈഥൻ ഡിസൂസ എന്നിവർക്കൊപ്പം ചേർന്ന് അർധസെഞ്ച്വറി കൂട്ടുകെട്ടുകളിലൂടെ ഹർപ്രീത് കരകയറ്റുകയായിരുന്നു.

കെ എല്‍ രാഹുലിന്‍റെ സഹതാരം

ഇന്ത്യൻ യുവനിരയിലെ ശ്രദ്ധേയനായ താരമായി വളർന്നുവന്നയാളാണ് മധ്യപ്രദേശുകാരനായ ഹർപ്രീത് സിംഗ് ഭാട്ടിയ. 2008-09 കൂച്ച് ബെഹാർ ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്ന് 709 റൺസ് നേടിയ ഹര്‍പ്രീത് ആ സീസണിലെ മികച്ച അണ്ടർ-19 ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2009-ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്നു. 2010-ലെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യൻ താരം കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം ഇന്ത്യൻ ടീമിലും ഹർപ്രീത് അംഗമായിരുന്നു.

മധ്യപ്രദേശിനും പിന്നീട് ഛത്തീസ്ഗഢിനും വേണ്ടി രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും റൺവേട്ട നടത്തിയ ഹർപ്രീത്, ഐപിഎല്ലിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളുടെ ഭാഗമായ താരം 2023, 2024 സീസണുകളിൽ പഞ്ചാബ് കിംഗ്സിനായും കളത്തിലിറങ്ങി.

ഒരു പതിറ്റാണ്ടിലേറെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്ന ഹർപ്രീത് 2026-ലാണ് യുഎഇ പൗരത്വം സ്വീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവെച്ചത്. ഏപ്രിലിൽ നേപ്പാളിനെതിരെ ടി20 അരങ്ങേറ്റം കുറിച്ച ഹര്‍പ്രീത് പിന്നീട് ഏകദിന ടീമിലും ഇടംപിടിച്ചു. ടൂർണമെന്‍റിലെ ആദ്യ മത്സരങ്ങളിൽ പാകിസ്ഥാൻ എ-യ്‌ക്കെതിരെ 7 റൺസും നേപ്പാളിനെതിരെ 32 റൺസും മാത്രം നേടിയ ഹർപ്രീത്, ഇന്ത്യ എ-യ്‌ക്കെതിരെ നേടിയ ഈ സെഞ്ച്വറിയിലൂടെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണ് സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സിക്സർ മഴ പെയ്യിച്ച് പ്രിയാൻഷ് ആര്യ; 68 പന്തിൽ 181 റൺസ്, ഗെയ്‌ലിനെയും രാഹുലിനെയും മറികടന്ന് ലോകറെക്കോർഡ്
അസമിനെ അടിച്ചുപറത്തി അസറുദ്ദീനും രോഹനും; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം