
ദോഹ: ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇനി 15കാരന്‍ വൈഭവ് സൂര്യവംശിയുടെ അക്കൗണ്ടില്‍. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരാരെയാണ് ഇന്ത്യ എ ഓപ്പണറായ റെക്കോര്‍ഡിട്ടത്. 52 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം, തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. വൈഭവിന്റെ കരുത്തില്‍ ഇന്ത്യ 250 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ മറികടക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിജയത്തോടെ സെമി ഫൈനലിലും ഇടം നേടി.
സൂര്യവംശിക്ക് പുറമെ അഭിഷേക് ശര്‍മ (12), പ്രഭ്‌സിമ്രാന്‍ സിംഗ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിങ്കു സിംഗ് (27), കുമാര്‍ കുശാഗ്ര (1) എന്നിവര്‍ പുറത്താവാതെ നിന്നു. വേഗമേറിയ ഇരട്ട സെഞ്ചുറിയുടെ കാര്യത്തില്‍ ന്യൂസിലന്‍ഡിന്റെ ചാഡ് ബൗസിനെയാണ് വൈഭവ് മറികടന്നത്. 103 പന്തിലായിരുന്നു ആ നേട്ടം. ട്രാവിസ് ഹെഡ്, എന്‍ ജഗദീഷന്‍ (114 പന്തുകള്‍) എന്നിവരും വൈഭവിന് പിന്നിലായി. പ്രൊഷണല്‍ ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരവും വൈഭവ് തന്നെ.
28 സിക്‌സുകളാണ് വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തന്‍മയ് അഗര്‍വാള്‍ (26 സിക്‌സുകള്‍ - രഞ്ജി ട്രോഫി), കോളിന്‍ മണ്‍റോ (23 - പ്ലങ്കറ്റ് ഷീല്‍ഡ്), ഡാര്‍സി ഷോര്‍ട്ട് (23 - വണ്‍ ഡേ കപ്പ്) എന്നിവര് ഇന്ത്യന്‍ കൗമാരതാരത്തിന് പിന്നിലായി.
നേരത്തെ, 144 പന്തില്‍ 130 റണ്‍സെടുത്ത ഹര്‍പ്രീത് സിംഗാണ് യുഎഇയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം ബാസില്‍ ഹമീദും യുഎഇക്കായി തിളങ്ങി. ഇന്ത്യക്കായി അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. സെമി ഫൈനലിലെത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് യുഎഇക്കായി ഹര്‍പ്രീത് സിംഗ് ഭാട്ടിയയുടെ മിന്നും പ്രകടനം. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളോളം കളിച്ചിട്ടും ദേശീയ ടീമില്‍ അവസരം ലഭിക്കാതിരുന്നതോടെ യുഎഇയിലേക്ക് കുടിയേറിയ താരമാണ് ഹര്‍പ്രീത്.
യുഎഇക്കായി മൂന്നാമനായി ക്രീസിലെത്തിയ ഹര്‍പ്രീത് 40-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്ത് സിക്‌സറിന് പറത്തിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങുന്നതാണ് ഹര്‍പ്രീതിന്റെ ഇന്നിംഗ്‌സ്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ യുഎഇയെ മുഹമ്മദ് ഷഹദാദ്, ഈഡന്‍ ഡിസൂസ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളിലൂടെ ഹര്‍പ്രീത് കരകയറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!