'വൈഭവ്' കൊടുങ്കാറ്റിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം, 15 സിക്സ് പറത്തിയ സൂര്യവന്‍ഷിയുടെ 144 ന് മറുപടിയില്ല; യുഎഇക്ക് 148 റൺസിന്‍റെ പരാജയം

Published : Nov 14, 2025, 10:49 PM IST
vaibhav suryavanshi

Synopsis

15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, യു എ ഇ ബൗളർമാരെ അടിച്ച് പറത്തി. 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം. യു എ ഇ ടീമിനെ ഇന്ത്യൻ സംഘം 148 റൺസിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 298 റൺസിന്‍റെ വിജയലക്ഷ്യത്തിന് മുന്നിൽ യു എ ഇയുടെ പോരാട്ടം 149 ൽ അവസാനിച്ചു. 3 വിക്കറ്റെടുത്ത ഗുരപ്നീത് സിംഗാണ് യു എ ഇയെ തകർത്തത്. നേരത്തെ വെടിക്കെട്ട് സെഞ്ചുറി നേടിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും അതിവേഗ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ജിതേഷ് ശര്‍മയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് അടിച്ചുകൂട്ടിയത്. 42 പന്തില്‍ 15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവും.

അടിയോടടി

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 297 റണ്‍സടിച്ചത്. 42 പന്തില്‍ 15 സിക്സും 11 ഫോറും പറത്തി 144 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി, യു എ ഇ ബൗളർമാരെ അടിച്ച് പറത്തുകയായിരുന്നു. 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 15 സിക്സും 11 ഫോറും അടങ്ങുന്നതാണ് വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ചുറി. പതിമൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വൈഭവ് പുറത്താകുമ്പോള്‍ ഇന്ത്യൻ സ്കോര്‍ 195ല്‍ എത്തിയിരുന്നു. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റൻ ജിതേഷ് ശര്‍മ 32 പന്തില്‍ 83 റണ്‍സുമായും രണ്‍ദീപ് സിംഗ് 8 പന്തിൽ ആറ് റണ്‍സുമായും പുറത്താതാതെ നിന്നു. വൈഭവിന് പുറമെ 10 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യ, 34 റണ്‍സെടുത്ത നമാന്‍ ധിര്‍ 9 പന്തില്‍ 14 റണ്‍സെടുത്ത നെഹാല്‍ വധേര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

വൈഭവ് വൈഭവം

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് ലക്ഷ്യം വ്യക്തമാക്കി. രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ റണ്ണൗട്ടായെങ്കിലും മുഹമ്മദ് ഖോഹിദ് ഖാനെ സിക്സിന് പറത്തി വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തി. അയാന്‍ ഖാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ വൈഭവും നമാന്‍ ധിറും ചേര്‍ന്ന് 21 റണ്‍സാണ് അടിച്ചെടുത്തത്. മുഹമ്മദ് റോഹിദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ എട്ട് റണ്‍സ് മാത്രം നേടിയ ഇന്ത്യ ജവാദുള്ള എറിഞ്ഞ അഞ്ചാം ഓവറില്‍ 20 റണ്‍സടിച്ചു.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് സൂര്യവന്‍ഷി 11 റണ്‍സ് കൂടി നേടി ഇന്ത്യയെ 82 റണ്‍സിലെത്തിച്ചു. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നല്‍കിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി. പവര്‍ പ്ലേക്ക് പിന്നാലെ മുഹമ്മദ് ഫര്‍സുദ്ദീനെ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ വൈഭവ് ഏഴോവറില്‍ ഇന്ത്യയെ 100 കടത്തി. ഇന്ത്യൻ ഇന്നിംഗ്സിലെ പത്താം ഓവറില്‍ വെറും 32 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് പിന്നീടും അടി തുടര്‍ന്നു. വൈഭവ് സെഞ്ചുറി തികച്ചശേഷം 23 പന്തില്‍ 34 റണ്‍സെടുത്ത നമാന്‍ ധിറിനെ പുറത്താക്കി യുഎഇ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 പന്തില്‍ 163 റണ്‍സാണ് അടിച്ചെടുത്തത്. സെഞ്ചുറി തികച്ച ശേഷം നാലു സിക്സ് കൂടി പറത്തിയ വൈഭവ് 42 പന്തില്‍ 144 റണ്‍സടിച്ച് പതിമൂന്നാം ഓവറില്‍ പുറത്തായി. 15 സിക്സും 11 ഫോറും പറത്തിയ വൈഭവ് 342.86 സ്ട്രൈക്ക് റേറ്റിലാണ് 144 റണ്‍സടിച്ചത്. വൈഭവ് പുറത്തായ ശേഷം സ്കോറുയര്‍ത്തിയ ക്യാപ്റ്റൻ ജിതേഷ് ശര്‍മ 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 32 പന്തില്‍ പുറത്താകാതെ 83 റണ്‍സടിച്ച ജിതേഷ് എട്ട് ഫോറും ആറ് സിക്സും പറത്തി. 9 പന്തിൽ 14 റണ്‍സെടുത്ത നെഹാൽ വധേര നിരാശപ്പെടുത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍