
ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് മികവില്‍ യുഎഇക്കെതിരെ ഇന്ത്യ എ കൂറ്റന്‍ സ്കോറിലേക്ക്. യുഎഇക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്. 33 പന്തില്‍ 103 റൺസുമായി വൈഭവ് സൂര്യവന്‍ഷിയും 21 പന്തില്‍ 33 റണ്‍സുമായി നമാന്‍ ധിറുമാണ് ക്രീസില്‍. ആറ് പന്തില്‍ 10 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യ റണ്ണൗട്ടായി മടങ്ങി. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 10 ഫോറും 9 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ സെഞ്ചുറി.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ 11 റണ്‍സടിച്ച് ലക്ഷ്യം വ്യക്തമാക്കി. രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ റണ്ണൗട്ടായെങ്കിലും മുഹമ്മദ് ഖോഹിദ് ഖാനെ സിക്സിന് പറത്തി വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തി. അയാന്‍ ഖാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ വൈഭവും നമാന്‍ ധിറും ചേര്‍ന്ന് 21 റണ്‍സാണ് അടിച്ചെടുത്തത്.മുഹമ്മദ് റോഹിദ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ എട്ട് റണ്‍സ് മാത്രം നേടിയ ഇന്ത്യ ജവാദുള്ള എറിഞ്ഞ അഞ്ചാം ഓവറില്‍ 20 റണ്‍സടിച്ചു.
പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 17 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് സൂര്യവന്‍ഷി 11 റണ്‍സ് കൂടി നേടി ഇന്ത്യയെ 82 റണ്‍സിലെത്തിച്ചു. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നല്‍കിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി. പവര്‍ പ്ലേക്ക് പിന്നാലെ മുഹമ്മദ് ഫര്‍സുദ്ദീനെ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ വൈഭവ് ഏഴോവറില്‍ ഇന്ത്യയെ 100 കടത്തി. ജവാദുള്ള എറിഞ്ഞ ഒമ്പതാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തി 98ല്‍ എത്തിയ വൈഭവ് 32 പന്തില്‍ സെഞ്ചുറിയിലെത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു, ഇന്ത്യൻ താരം ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുന്നത്.
യുഎഇ പ്ലേയിംഗ് ഇലവന്‍: അലിഷാൻ ഷറഫു (ക്യാപ്റ്റൻ),സയ്യിദ് ഹൈദർ,സൊഹൈബ് ഖാൻ, മായങ്ക് രാജേഷ് കുമാർ, ഹർഷിത് കൗശിക്, അയാൻ അഫ്സൽ ഖാൻ,അഹമ്മദ് താരിഖ്, മുഹമ്മദ് അർഫാൻ, മുഹമ്മദ് ഫറസുദ്ദീൻ, മുഹമ്മദ് രോഹിദ് ഖാൻ, മുഹമ്മദ് ജവാദുള്ള.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: പ്രിയാൻഷ് ആര്യ,വൈഭവ് സൂര്യവംശി, നെഹാൽ വധേര, നമാൻ ധിർ, ജിതേഷ് ശർമ്മ (ക്യാപ്റ്റൻ),മൺദീപ് സിംഗ്, അശുതോഷ് ശർമ്മ, ഹർഷ് ദുബെ, യാഷ് താക്കൂർ, ഗുർജപ്നീത് സിംഗ്, സുയാഷ് ശർമ്മ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!