
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിന് ശേഷം ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത വിരാട് കോലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ അവിസ്മരണീയ നിമിഷം. തന്റെ കുട്ടിക്കാലത്തെ ഹീറോ നേരിട്ടെത്തി സംസാരിച്ചപ്പോള്‍ അതൊരു സ്വപ്നമായിട്ടാണ് തോന്നിയതെന്ന് സൂര്യവംശി വെളിപ്പെടുത്തി.
രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭിന്ദറുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്... ''സത്യം പറഞ്ഞാല്‍ വിരാട് ഭായ് എന്റെ തോളില്‍ കൈവെച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. കുട്ടിക്കാലം മുതല്‍ ഞാന്‍ ആര്‍സിബിയുടെയും വിരാട് കോലിയുടെയും വലിയൊരു ആരാധകനാണ്. അദ്ദേഹം എന്നോട് സംസാരിക്കുമ്പോള്‍ ഞാന്‍ ശരിക്കും ഒരു സ്വപ്ന ലോകത്താണെന്നാണ് എനിക്ക് തോന്നിയത്. ലോകം ആരാധിക്കുന്ന വിരാട് കോലിയോടാണ് ഞാന്‍ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നിയില്ല. ഒരു മൂത്ത സഹോദരനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. എന്റെ ബാറ്റിംഗിലെ പോസിറ്റീവ് വശങ്ങളെക്കുറിച്ചും, ഞാന്‍ ഇനിയെന്തൊക്കെ മെച്ചപ്പെടുത്തണമെന്നും, ഭാവിയില്‍ കരിയറിനെ എങ്ങനെ സമീപിക്കണമെന്നും അദ്ദേഹം എനിക്ക് വ്യക്തമാക്കിത്തന്നു.'' വൈഭവ് പറഞ്ഞു.
മത്സരശേഷം വിരാട് കോലി വൈഭവിന്റെ തൊപ്പിയില്‍ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ വിസ്മയ പ്രകടനമാണ് സൂര്യവംശി പുറത്തെടുത്തത്. ടൂര്‍ണമെന്റിലുടനീളം ബൗളര്‍മാരെ ഭയമില്ലാതെ നേരിട്ട താരം 237.31 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ സീസണിലെ ഓറഞ്ച് ക്യാപ്പ് (ഏറ്റവും കൂടുതല്‍ റണ്‍സ്), മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡുകളെല്ലാം സൂര്യവംശി സ്വന്തമാക്കി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡും താരം തിരുത്തിക്കുറിച്ചു.
ഐപിഎല്‍ പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഈ ഇടംകൈയ്യന്‍ ഓപ്പണറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്‍ റെക്കോര്‍ഡുകളുടെ തിളക്കവും വിരാട് കോലിയെപ്പോലൊരു ഇതിഹാസ താരം നല്‍കിയ ആത്മവിശ്വാസവുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് ഈ കൗമാര താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!