ജയ്സ്വാള്‍ തുടക്കത്തിലെ വീണു, കരുതലോടെ ഇന്ത്യ, മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത് വാഷിംഗ്ടൺ സുന്ദർ

Published : Nov 14, 2025, 05:02 PM IST
Yashasvi Jaiswal Out

Synopsis

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം ചായക്ക് പിന്നാലെ 55 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 159 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 12 റണ്‍സെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാര്‍ക്കോ യാന്‍സനാണ് ജയ്സ്വാളിനെ ബൗള്‍ഡാക്കിയത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സോടെ കെ എല്‍ രാഹുലും ആറ് റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 122 റണ്‍സ് കൂടി വേണം.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം ചായക്ക് പിന്നാലെ 55 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 31 റണ്‍സെടുത്ത ഓപ്പണര്‍ ഏയ്ഡൻ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റിയാൻ റിക്കിള്‍ടണ്‍ 23ഉം വിയാന്‍ മുള്‍ഡര്‍ 24ഉം റണ്‍സെടുത്ത് പുറത്തായി. 15 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിതവും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു.

നല്ല തുടക്കം പിന്നെ കൂട്ടത്തകർച്ച

ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണിംഗ് വിക്കറ്റില്‍ റിയാൻ റിക്കിള്‍ടണ്‍-ഏയ്ഡന്‍ മാര്‍ക്രം സഖ്യം 10.3 ഓവറില്‍ 57 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. ബുമ്രയെ കരുതലോടെ നേരിട്ട ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ മുഹമ്മദ് സിറാജിനെയും അക്സര്‍ പട്ടേലിനെയും ശിക്ഷിച്ചപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ തന്‍റെ രണ്ടാം സ്പെല്ലില്‍ ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത്. 22 പന്തില്‍ 23 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണെ ബൗള്‍ഡാക്കിയ ബുമ്ര തന്‍റെ അടുത്ത ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(31) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ടെംബാ ബാവുമയെ കുല്‍ദീപ് യാദവ ഷോര്‍ട്ട് ലെഗ്ഗില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ചു. 14 റണ്‍സടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക പതറി.

 

പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 100 കടത്തി. 105-3 എന്ന ഭേദപ്പെട്ട നിലയില്‍ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്കക്ക് ലഞ്ചിനുശേഷം വിയാന്‍ മുൾഡറെ(24) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കുല്‍ദീപ് ആണ് വീണ്ടും പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ടോണി ഡി സോര്‍സിയെ(24) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക 120-5ലേക്ക് വീണു.

 

ആദ്യ സെഷനില്‍ നിരാശപ്പെടുത്തി മുഹമ്മദ് സിറാജ് റിവേഴ്സ് സ്വിംഗുമായി രണ്ടാം സെഷനില്‍ ആഞ്ഞടിച്ചു. കെയ്ല്‍ വെരിയെന്നെയെ(16) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിറാജ് പിന്നാലെ മാര്‍ക്കോ യാന്‍സനെ(0) ബൗള്‍ഡാക്കി. ചായക്ക് തൊട്ടു മുമ്പ് കോര്‍ബിന്‍ ബോഷിനെ(3) കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി അക്സറും വിക്കറ്റ് വേട്ടക്കെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച പൂര്‍ണമായി. ചായക്ക് ശേഷം തന്‍റെ രണ്ടാം ഓവറില്‍ സൈമണ്‍ ഹാര്‍മറെ ബൗള്‍ഡാക്കിയ ബുമ്ര കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്