
മുംബൈ: കൗമാരതാരം വൈഭവ് സൂര്യവന്‍ഷി അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ഇടംപിടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍. വൈഭവ് ടീമിലെത്തുന്നതോടെ ആര്‍ക്കാവും ടീമിലെ സ്ഥാനം നഷ്ടമാവുക എന്നാണിപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷ. നിര്‍ഭയനായി എതിരാളികളെ തച്ചുതകര്‍ക്കുന്ന വൈഭവ് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പാണ്. പ്രായത്തെ വെല്ലുന്ന ബാറ്റിംഗ് വൈഭവമുള്ള താരം എപ്പോള്‍ ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന കാര്യത്തിലേ സംശയമുള്ളു. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഐപിഎല്ലിന് ശേഷം അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുളള ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തും.
ബിസിസിഐ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ വൈഭവ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈഭവ് ടീമിലെത്തിയാല്‍ ഓപ്പണിംഗില്‍ മാറ്റം ഉറപ്പ്. നിലവിലെ ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരില്‍ ഒരാളുടെ സ്ഥാനം നഷ്ടമാവും. ഇരുവരേയും നിലനിര്‍ത്തിയാല്‍ പിന്നാലെ വരുന്ന ബാറ്റിംഗ് നിരയില്‍ അഴിച്ചുപണി അനിവാര്യം. ഇതുതന്നെയാണ് സെലക്ടര്‍മാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ച്വറി ഇന്ത്യയെ ജേതാക്കളാക്കുകയും, ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഞ്ജുവിനെ പുറത്തിരുത്തുക ഏറക്കുറെ അസാധ്യം.
ഐപിഎല്ലില്‍ സെഞ്ച്വറി നേടി സഞ്ജു തന്റെ ബാറ്റിംഗ് കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ച് കഴിഞ്ഞു. ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് മധ്യനിരയിലുള്ളത്. തിലക് വര്‍മയും സൂര്യകുമാറും ഐപിഎല്ലില്‍ റണ്ണടിക്കാന്‍ പാടുപെടുകയാണ്. സെലക്ടര്‍മാര്‍ കടുത്ത തീരുമാനമെടുത്താല്‍ സൂര്യകുമാറിനുപോലും പുറത്തിരിക്കേണ്ടിവന്നേക്കാമെന്നാണ് സൂചന. ലോകകപ്പിലെ സൂര്യകുമാറിന്റെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ തൃപ്തരല്ല. പതിനഞ്ചുകാരനായ വൈഭവ് ഇന്ത്യന്‍ ടീമില്‍ ഇടംപിച്ചാല്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകരും.
പതിനാറാം വയസ്സിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. കഴിഞ്ഞമാസം ഇരുപത്തിയേഴിന് പതിനഞ്ചാം പിറന്നാള്‍ ആഘോഷിച്ച വൈഭവ് ഐപിഎല്ലില്‍ വിസ്മയ പ്രകടനമാണ് നടത്തുന്നത്. ബെംഗളൂരുവിനെതിരേ 26 പന്തില്‍ 78 റണ്‍സും ചെന്നൈയ്‌ക്കെതിരേ 17 പന്തില്‍ 52 റണ്‍സും നേടി. മുംബൈയ്‌ക്കെതിരെ 14 പന്തില്‍ 39 റണ്‍സടിച്ച വൈഭവ് ജസ്പ്രീത് ബുംറയുടെ ആദ്യപന്ത് സിക്‌സര്‍ പറത്തിയും വൈറലായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!