
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ്മയുടെ സെഞ്ചുറിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ 68 പന്തില്‍ പുറത്താവാതെ 135 റണ്‍സാണ് അഭിഷേക് നേടിയത്. സീസണിലെ ഏഴ് മത്സരങ്ങളില്‍ ഹൈദരാബാദിന്റെ നാലാം വിജയമാണിത്. നേരത്തെ, ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട അഭിഷേക്, ലോകകപ്പിന്റെ അവസാന ഘട്ടത്തിലും ഇപ്പോള്‍ ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അഭിഷേകിന്റെ ബാറ്റിംഗിലെ പക്വതയെയും ക്രിക്കറ്റ് ബുദ്ധിയെയും സണ്‍റൈസേഴ്‌സ് ബോളിംഗ് കോച്ച് വരുണ്‍ ആരോണ്‍ പ്രശംസിച്ചു... ''ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍ എന്ന നിലയിലേക്ക് ഒരാള്‍ ഉയരണമെങ്കില്‍ അയാള്‍ക്ക് പക്വതയില്ലാതെ കഴിയില്ല. എതിരാളികളെയും പിച്ചിന്റെ സ്വഭാവത്തെയും കൃത്യമായി മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ അവന് സാധിക്കുന്നുണ്ട്. തുടക്കത്തില്‍ കരുതലോടെ ബാറ്റ് ചെയ്ത അഭിഷേക്, പിന്നീട് ആക്രമണ ശൈലിയിലേക്ക് മാറുകയായിരുന്നു. വലിയ റിസ്‌ക് എടുത്ത് കളിക്കുമ്പോള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം, എന്നാല്‍ അഭിഷേകിനെപ്പോലൊരു താരത്തിന് അത്തരം സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്.'' ' ആരോണ്‍ പറഞ്ഞു.
ബാറ്റിംഗില്‍ അഭിഷേക് തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ ശ്രീലങ്കന്‍ പേസര്‍ ഈശാന്‍ മലിംഗയും യുവതാരം സാക്കിബ് ഹുസൈനും ഡല്‍ഹിയെ തളച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മലിംഗയാണ് ഡല്‍ഹിയുടെ ചേസിംഗിന്റെ നട്ടെല്ലൊടിച്ചത്. 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മലിംഗയുടെ യോര്‍ക്കറുകളും സ്ലോ ബോളുകളും റിവേഴ്‌സ് സ്വിംഗും ഡല്‍ഹി ബാറ്റര്‍മാരെ വട്ടംകറക്കി. 140 കിലോമീറ്ററിന് മുകളില്‍ പന്തെറിയുന്ന സാക്കിബിന് 107 കിലോമീറ്റര്‍ വരെ വേഗത കുറച്ച് സ്ലോ ബോളുകള്‍ എറിയാന്‍ സാധിക്കുന്നുണ്ട്.
2026ലെ ഐപിഎല്‍ ലേലത്തിന് ശേഷം സാക്കിബ് ഹുസൈന് വേണ്ടി പ്രത്യേക പരിശീലന ക്യാമ്പുകള്‍ ഹൈദരാബാദ് സംഘടിപ്പിച്ചിരുന്നു. ബോംബെയിലും ചെന്നൈയിലുമായി നടന്ന പരിശീലനങ്ങളില്‍ താരം മികച്ച രീതിയിലാണ് പ്രതികരിച്ചതെന്ന് വരുണ്‍ ആരോണ്‍ പറഞ്ഞു. വെറും വേഗത മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പന്തെറിയാനുള്ള കഴിവുംസാക്കിബിനെ വ്യത്യസ്തനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!