സഞ്ജു സാംസണ്‍ ഉള്ളപ്പോള്‍ ശ്രേയസ് അയ്യരെ എന്തിന് കളിപ്പിക്കുന്നു; ചോദ്യശരവുമായി വെങ്കടേഷ് പ്രസാദ്

Published : Jul 30, 2022, 01:26 PM ISTUpdated : Jul 30, 2022, 01:31 PM IST
സഞ്ജു സാംസണ്‍ ഉള്ളപ്പോള്‍ ശ്രേയസ് അയ്യരെ എന്തിന് കളിപ്പിക്കുന്നു; ചോദ്യശരവുമായി വെങ്കടേഷ് പ്രസാദ്

Synopsis

തന്‍റെ ടി20 ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ശ്രേയസ് അയ്യര്‍ കഠിന പരിശ്രമം നടത്തേണ്ടിയിരിക്കുന്നു എന്നും മുന്‍താരം

ട്രിനിഡാഡ്: സ‍ഞ്ജു സാംസണടക്കമുള്ള(Sanju Samson) താരങ്ങള്‍ സ്‌ക്വാഡിലിരിക്കേ ശ്രേയസ് അയ്യരെ(Shreyas Iyer) കളിപ്പിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്(Venkatesh Prasad). വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി20യില്‍(WI vs IND 1st T20I) അയ്യര്‍ പൂജ്യത്തില്‍ പുറത്തായതിന് പിന്നാലെയാണ് പ്രസാദിന്‍റെ വിമര്‍ശനം. ശ്രേയസ് ടി20യില്‍ തന്‍റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ തയ്യാറാവണം എന്നും പ്രസാദ് വ്യക്തമാക്കി. വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജു ടി20 സ്‌ക്വാഡിലുണ്ടെങ്കിലും ഇന്നലെ കളിപ്പിച്ചിരുന്നില്ല. 

'സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലിരിക്കേ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നത് വിചിത്രമാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും കഴിഞ്ഞുവരുന്ന ബാറ്റിംഗ് ക്രമത്തില്‍ കൃത്യമായ സന്തുലനം കണ്ടെത്തണം. ശ്രേയസ് ഏകദിനത്തില്‍ മികച്ച താരമാണ്. എന്നാല്‍ ടി20യില്‍ ശ്രേയസിന് മുമ്പ് ഇടംപിടിക്കാന്‍ കഴിവുള്ള താരങ്ങളുണ്ട്. തന്‍റെ ടി20 ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ശ്രേയസ് അയ്യര്‍ കഠിന പരിശ്രമം നടത്തേണ്ടിയിരിക്കുന്നു' എന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി20യില്‍ മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് നാല് പന്ത് നേരിട്ട് പൂജ്യത്തില്‍ മടങ്ങുകയായിരുന്നു. 

ശ്രേയസ് അയ്യര്‍ ബാറ്റിംഗ് ദുരന്തമായ മത്സരത്തില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവിചന്ദ്ര അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.  

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ പൂജ്യത്തിലും ഹാര്‍ദിക് പാണ്ഡ്യ ഒന്നിലും രവീന്ദ്ര ജഡേജ 16ലും മടങ്ങി. അവസാന ഓവറുകളില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. അശ്വിന്‍ 10 പന്തില്‍ 13* റണ്‍സും. ഡികെ-അശ്വിന്‍ സഖ്യം പുറത്താകാതെ നേടിയ 52 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. 

ക്രിക്കറ്റ് ദൈവത്തെ പേര് വിളിക്കുന്നോ? സച്ചിനെ സര്‍ എന്ന് വിളിക്കാത്തതിന് ലബുഷെയ്‌നെതിരെ ആരാധകര്‍ കലിപ്പില്‍

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര