
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ(Sachin Tendulkar) സര്‍ എന്ന് വിളിച്ചില്ല എന്ന പേരില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെതിരെ(Marnus Labuschagne) സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോക്ഷം. സച്ചിന്‍ ക്രിക്കറ്റ് ദൈവവും ഇതിഹാസവും ആണെന്ന് ഓര്‍മ്മിപ്പിച്ചാണ് ആരാധകരുടെ കമന്‍റുകളും ട്വീറ്റുകളും. താങ്കളുടെ പിതാവിന് നല്‍കുന്ന ബഹുമാനം സച്ചിനോട് കാണിക്കണം എന്നായിരുന്നു ലബുഷെയ്‌നോട് ഒരു ആരാധകന്‍റെ അപേക്ഷ.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സച്ചിന്‍ ട്വിറ്ററിലൂടെ നല്‍കിയ ആശംസയിലാണ് സംഭവങ്ങളുടെ തുടക്കം. 'കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തിയത് സന്തോഷം നല്‍കുന്നു. പുതിയ കാഴ്‌ചക്കാരിലേക്ക് ക്രിക്കറ്റ് എത്താന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍' എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. തൊട്ടുപിന്നാലെ മാര്‍നസ് ലബുഷെയ്‌ന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ട്വീറ്റിനോട് പ്രതികരിച്ചു. 'സച്ചിനോട് അനുകൂലിക്കുന്നു. ഓസീസ്-ഇന്ത്യ ഓപ്പണിംഗ് മത്സരം ഗംഭീര പോരാട്ടമായിരിക്കും' എന്നുമായിരുന്നു സച്ചിന്‍റെ ട്വീറ്റിന് ലബുഷെയ്‌ന്‍റെ പ്രതികരണം. എന്നാല്‍ ലബുഷെയ്‌ന്‍ സച്ചിനെ പേരെടുത്ത് അഭിസംബോധന ചെയ്‌തത് ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ ആരാധകര്‍ക്ക് ദഹിച്ചില്ല.
സച്ചിന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ നിങ്ങള്‍ കുട്ടിനിക്കറിലായിരുന്നു എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനാല്‍ സച്ചിനെ സര്‍ എന്ന് വിളിക്കണമെന്നായി ഒരു ആരാധകന്‍. ഇത്ര അനാദരവോടെ ഒരു ഇന്ത്യന്‍ താരവും സച്ചിനോട് സംസാരിക്കില്ല. അദ്ദേഹത്തെ ബഹുമാനിക്കൂ, സച്ചിന്‍ ഇതിഹാസമാണ്, നിങ്ങളേക്കാള്‍ മുതിര്‍ന്നയാളാണ്, അതിന്‍റെ ആദരം കാട്ടണം എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്‍റുകള്‍.
മത്സരം ഉഷാറായി, വിജയം ഓസീസിന്
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഓസീസ് വനികള്‍ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ബാറ്റിംഗില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്‍റേയും കരുത്തിലാണ് ഓസീസ് മത്സരം പിടിച്ചെടുത്തത്. ആഷ്‌ലി ഗാര്‍ഡ്‌നര്‍(35 പന്തില്‍ 52*), ഗ്രേസ് ഹാരിസ്(20 പന്തില്‍ 37), അലാന കിംഗ്(16 പന്തില്‍ 18*) എന്നിവരാണ് ജയമൊരുക്കിയത്. ഓസീസ് വനിതകളുടെ തുടക്കത്തില്‍ ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ് ലാന്നിംഗ്(5 പന്തില്‍ 8), തഹ്‌ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെ രേണുക സിംഗ് പുറത്താക്കിയിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രേണുകയുടെ നാല് വിക്കറ്റ് പ്രകടനം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. സ്‌മൃതി മന്ഥാന(24), യാസ്‌തിക ഭാട്യ(8), ജെമീമാ റോഡ്രിഗസ്(11), ദീപ്‌തി ശര്‍മ്മ(1), ഹര്‍ലീന്‍ ഡിയോള്‍(7), രാധാ യാധവ്(2*), മേഘ്‌ന സിംഗ്(0) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.
മാജിക് 100, ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ധോണിക്ക് പോലുമില്ലാത്ത റെക്കോര്‍ഡുമായി ആലീസ ഹീലി