
നാഗ്പൂര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ 93 റണ്‍സിന് വീഴ്ത്തി വിദര്‍ഭക്ക് കിരീടം. 360 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ റെസ്റ്റ് ഓഫ് ഇന്ത്യക്കായി യാഷ് ദുള്ളും മാനവ് സുതാറും അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും അവസാന ദിനം രണ്ടാം സെഷനില്‍ 267 റണ്‍സിന് പുറത്തായി. യാഷ് ദുള്‍ 92 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ മാനവ് സുതാര്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. വിദര്‍ഭക്കായി ഹര്‍ഷ് ദുബെ നാലും ആദിത്യ താക്കറെ യാഷ് താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ വിദര്‍ഭ 342, 232, റെസ്റ്റ് ഓഫ് ഇന്ത്യ 214, 267.
അവസാന ദിനം 80-5ലേക്കും 133-6ലേക്കും വീണ് തോല്‍വി ഉറപ്പിച്ച റെസ്റ്റ് ഓഫ് ഇന്ത്യക്ക് അവിശ്വസനീയ ചെറുത്തു നില്‍പിലൂടെ യാഷ് ദുള്ളും മാനവ് സുതാറും ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ വിദര്‍ഭ സമ്മര്‍ദ്ദത്തിലായി.എന്നാല്‍ യാഷ് ദുള്ളിനെ വീഴ്ത്തി യാഷ് താക്കൂര്‍ കൂട്ടുകെട്ട് പൊളിച്ചതോടെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. പിന്നീട് അന്‍ഷുല്‍ കാംബോജ്(0), ആകാശ് ദീപ്(3), ഗുര്‍ണൂര്‍ ബ്രാര്‍(7) എന്നിവര്‍ കൂടി പെട്ടെന്ന് മടങ്ങിയതോടെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം 267 റണ്‍സില്‍ അവസാനിച്ചു.
നേരത്തെ അഭിമന്യു ഈശ്വരൻ(17), ആര്യൻ ജുയാല്‍(6), ഇഷാന്‍ കിഷന്‍(35) ക്യാപ്റ്റൻ രജത് പാട്ടീദാര്‍(10), റുതുരാജ് ഗെയ്ക്‌വാദ്(7) എന്നിവര്‍ വലിയ സ്കോര്‍ നേടാതെ നിരാശപ്പെടുത്തിയതാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് തിരിച്ചടിയായത്. വിദര്‍ഭക്കായി ആദ്യ ഇന്നിംഗ്സില്‍ 143 റണ്‍സുമായി പൊരുതിയ അഥര്‍വ ടൈഡെയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ ടൈഡെയുടെ സെഞ്ചുറി കരുത്തില്‍ വിദര്‍ഭ 342 റണ്‍സടിച്ചപ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ 214 റണ്‍സിന് പുറത്തായി. 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടീദാറും 52 റണ്‍സെടുത്ത അഭിമന്യു ഈശ്വരനുമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. ഇഷാന്‍ കിഷന്‍ ഒരു റണ്ണിനും റുതുരാജ് ഗെയ്ക്‌വാദ് ഒമ്പത് റണ്‍സിനും പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഒരാള്‍ പോലും അര്‍ധസെഞ്ചുറി നേടിയില്ലെങ്കിലും അമാന്‍ മൊഖാഡെ(37), ദ്രുവ് ഷോറെ(27), അക്ഷയ് വാഡ്കര്‍(36), ഹര്ഷ് ദുബെ(29) എന്നിവരുടെ പോരാട്ടത്തിലാണ് 232 റണ്‍സെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക