
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) കേരളം ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചതോടെയാണ് കേരളം (Kerala) നോക്കൗട്ടിന് യോഗ്യത നേടിയത്. സെര്‍വീസസിനെയാണ് കേരളം ക്വാര്‍ട്ടറില്‍ നേരിടുക. ഈമാസം 22നാണ് മത്സരം. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര ടീമുകള്‍ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ചിരുന്നു. മൂവര്‍ക്കും 16 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാമതെത്തി. മധ്യ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര മൂന്നാമതുണ്ട്.
അഞ്ച് ഗ്രൂപ്പിലും ഒന്നാമതെത്തുന്ന അഞ്ച് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. മികച്ച രണ്ടും മൂന്നും സ്ഥാനക്കാരും യോഗ്യത ഉറപ്പാക്കും. ക്വാര്‍ട്ടറിലേക്കുള്ള എട്ടാമത്തെ ടീമിനെ കണ്ടെത്തുന്നത് എലിമിനേറ്ററിലൂടെയാണ്. പ്ലേറ്റ് ഗ്രൂപ്പില്‍ കളിച്ച് ഒന്നാമതെത്തുന്ന ടീമും മികച്ച നാലാം സ്ഥാനക്കാരും എലിമിനേറ്ററില്‍ മത്സരിക്കും. കേരളത്തിന്റെ ഗ്രൂപ്പില്‍ കളിച്ച മധ്യപ്രദേശും മഹാരാഷ്ട്രയും ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ സാധ്യതയേറെയാണ്. ഗ്രൂപ്പ് ഇയില്‍ മത്സരിച്ച സര്‍വസീസ് എലിമിനേറ്ററിന് യോഗ്യത നേടിയേക്കും. പ്ലേറ്റ് തലത്തില്‍ നിന്ന് ത്രിപുരയും എലിമിനേറ്ററിലെത്തിയേക്കും.
നേരത്തെ, സച്ചിന്‍ ബേബി (Sachin Baby) പുറത്താവാതെ നേടിയ 83 റണ്‍സാണ് കേരളത്തിന് ജയം സമ്മാനിച്ചത്. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 35.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33), വിഷ്ണു വിനോദ് (34), വിനൂപ് ഷീല മനോഹരന്‍ (28) എന്നിവരും നിര്‍ ണായക സംഭാവന നല്‍കി.