മനസില്‍ ഐപിഎല്‍ താരലേലം ഇല്ല, ശ്രദ്ധ വിജയ് ഹസാരെയില്‍, ഗാംഗുലിയുടെ പ്രശംസ അംഗീകാരം: രോഹന്‍ കുന്നുമ്മല്‍

By Jomit JoseFirst Published Nov 16, 2022, 6:36 PM IST
Highlights

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഹനെ ഐപിഎല്‍ ടീമുകള്‍ നോട്ടമിടും എന്നാണ് ആരാധകരുടെ പ്രതീക്ഷ

ബെംഗളൂരു: ഡിസംബറില്‍ കൊച്ചിയില്‍ വരാനിരിക്കുന്ന ഐപിഎല്‍ മിനി താരലേലത്തിലല്ല, വിജയ് ഹസാരെ ട്രോഫിയിലും പിന്നാലെ രഞ്ജി ട്രോഫിയിലേയും കേരളത്തിന്‍റെ പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മലയാളി സ്റ്റാര്‍ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍. തിരുവനന്തപുരത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി 20ക്ക് എത്തിയപ്പോള്‍ അന്നത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തന്‍റെ പേരെടുത്ത് പ്രശംസിച്ചത് വലിയ അംഗീകാരമായി കരുതുന്നതായും ഇരുപത്തിനാലുകാരനായ രോഹന്‍ കുന്നുമ്മല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 

'ഐപിഎല്‍ മിനി താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഐപിഎല്‍ ലേലത്തിലല്ല, വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ പ്രകടനത്തിലേക്കാണ് ഉറ്റുനോക്കുന്നത്. ദുലീപ് ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെയിലും തിളങ്ങാനായതില്‍ സന്തോഷമുണ്ട്. താരലേലത്തില്‍ ഐപിഎല്‍ ടീമുകള്‍ തെരഞ്ഞെടുക്കുമോ എന്നതിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്റ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ട്രെയല്‍സില്‍ പങ്കെടുത്തിരുന്നു. അവിടെ കഴിയുന്ന രീതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ബിസിസിഐ മുന്‍ തലവന്‍ സൗരവ് ഗാംഗുലി സഞ്ജു സാംസണിനും ബേസില്‍ തമ്പിക്കുമൊപ്പം തന്നെയും പ്രശംസിച്ചത് വലിയ അംഗീകാരമായി കണക്കാക്കുന്നതായും' രോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. 

സഞ്ജു സാംസണിന് ശേഷം കേരളത്തില്‍ നിന്ന് രാജ്യം ഉറ്റുനോക്കുന്ന ബാറ്റിംഗ് വാഗ്ദാനമാണ് രോഹന്‍ കുന്നുമ്മല്‍. ദുലീപ് ട്രോഫിക്ക് ശേഷം ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്‍റില്‍ മിന്നും പ്രകടനമാണ് രോഹന്‍ പുറത്തെടുക്കുന്നത്. ടൂര്‍ണമെന്‍റില്‍ കേരളത്തിനായി മൂന്ന് ഇന്നിംഗ്‌സുകളില്‍ 239 റണ്‍സ് ഇതിനകം ഈ കോഴിക്കോട്ടുകാരന്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഗോവയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി കേരളത്തിന് രോഹന്‍ ഗംഭീര ജയം സമ്മാനിച്ചിരുന്നു. ഗോവയോട് രോഹന്‍ കുന്നുമ്മല്‍ 101 പന്തില്‍ 17 ഫോറും നാല് സിക്‌സും സഹിതം 134 റണ്‍സ് അടിച്ചുകൂട്ടി. 

വിജയ് ഹസാരെയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രോഹന്‍ കുന്നുമ്മല്‍ അമ്പതിലധികം റണ്‍സ് കണ്ടെത്തുന്നത്. നേരത്തെ, അരുണാചലിനെതിരെ കേവലം 28 പന്തില്‍ 13 ബൗണ്ടറികളും മൂന്നു സിക്സറുകളുമുള്‍പ്പടെ പുറത്താകാതെ 77* റണ്‍സ് അടിച്ചെടുക്കാന്‍ രോഹനായിരുന്നു. ഇതിന് ശേഷം ഗോവയ്ക്കെതിരെയും രോഹന്‍ ബാറ്റ് കൊണ്ട് താണ്ഡവമാടി. ഗോവയ്‌ക്കെതിരെ രോഹന്‍ നേടിയ മിന്നും ശതകത്തില്‍ 92 റണ്‍സും ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു. ഹരിയാനക്കെതിരായ കേരളത്തിന്‍റെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രോഹന്‍ 48 പന്തുകളില്‍ മൂന്നു ബൗണ്ടറികളോടെ 28 റണ്‍സുമായി നില്‍ക്കേയായിരുന്നു മഴയുടെ കളിയെത്തിയത്. ബെംഗളൂരുവില്‍ നാളെ ഛത്തീസ്‌ഗഢിനെതിരെയാണ് വിജയ് ഹസാരെയില്‍ കേരളത്തിന്‍റെ അടുത്ത മത്സരം. 

ദുലീപ് ട്രോഫിയിലും തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹന്‍ കുന്നുമ്മല്‍. സൗത്ത് സോണിനായി കളിച്ച രോഹന്‍ നാല് ഇന്നിംഗ്‌സുകളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സഹിതം 344 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാമതെത്തി. നോര്‍ത്ത് സോണിനെതിരെ നേടിയ 143 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഹനെ ഐപിഎല്‍ ടീമുകള്‍ നോട്ടമിടും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ മിനി താരലേലം. 

ഐപിഎല്‍ ലേലം അടുത്തമാസം കൊച്ചിയില്‍

click me!