- Home
- Sports
- Cricket
- സച്ചിനും ധോണിക്കും രോഹിത്തിനും കിട്ടാത്ത ആ 'ലക്കി കപ്പ്'; കൈഫിനും കോലിക്കും ഇപ്പോൾ ആയുഷിനും, ഇന്ത്യയെ കിരീടം ചൂടിച്ച നായകൻമാർ
സച്ചിനും ധോണിക്കും രോഹിത്തിനും കിട്ടാത്ത ആ 'ലക്കി കപ്പ്'; കൈഫിനും കോലിക്കും ഇപ്പോൾ ആയുഷിനും, ഇന്ത്യയെ കിരീടം ചൂടിച്ച നായകൻമാർ
മുഹമ്മദ് കൈഫ് മുതൽ യാഷ് ധുൾ വരെയുള്ള, ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് ജേതാക്കളാക്കിയ നായകന്മാർ. സച്ചിൻ, ധോണി, രോഹിത് തുടങ്ങിയ ഇതിഹാസങ്ങൾക്ക് കിട്ടാതെപോയ ഭാഗ്യം.

മുഹമ്മദ് കൈഫ്
ഇന്ത്യയെ ആദ്യമായി അണ്ടർ-19 ലോകകപ്പ് ജേതാക്കളാക്കിയ ക്യാപ്റ്റനാണ് മുഹമ്മദ് കൈഫ്. 2000-ലെ ലോകകപ്പ് ഫൈനലിൽ കൈഫിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ശ്രീലങ്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ടൂർണമെന്റിലാകെ 203 റൺസും 12 വിക്കറ്റും നേടിയ യുവരാജ് സിംഗ് ആയിരുന്നു ലോകകപ്പിലെ താരം.
വിരാട് കോലി
2008-ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ രണ്ടാം വട്ടം ലോകകപ്പ് ഉയർത്തിയത്. ഫൈനലിൽ ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയെ 12 റൺസിന് ഇന്ത്യ തോൽപ്പിച്ചു. രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ എന്നിവരും കോലിയുടെ ടീമിലുണ്ടായിരുന്നു. 17 വിക്കറ്റ് നേടിയ ന്യൂസിലൻഡിന്റെ ടിം സൗത്തിയായിരുന്നു ടൂർണമെന്റിലെ താരം.
ഉൻമുക്ത് ചന്ദ്
2012-ൽ ഉൻമുക്ത് ചന്ദിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം കിരീടം നേടിയത്. ഫൈനലിൽ 111 റൺസിന്റെ ചരിത്ര ഇന്നിംഗ്‌സും ഉൻമുക്ത് ചന്ദ് പുറത്തെടുത്തു. എന്നാൽ ഇന്ത്യയെ ലോക ചാമ്പ്യൻമാരാക്കിയ ഉൻമുക്ത് ചന്ദ് ഇപ്പോൾ അമേരിക്കൻ ക്രിക്കറ്റ് ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ട്രാവിസ് ഹെഡ് അന്ന് ഓസീസ് ടീമിനായി ഫൈനൽ കളിച്ചിരുന്നു.
പൃഥ്വി ഷാ
ആറ് വർഷങ്ങൾക്ക് ശേഷം 2018-ൽ പൃഥ്വി ഷായുടെ കീഴിൽ ഇന്ത്യ വീണ്ടും കൗമാര കപ്പിൽ ചാമ്പ്യന്മാരായി. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, എന്നിവരും ആ ടീമിന്റെ ഭാഗമായിരുന്നു.
യാഷ് ധുൾ
2022-ൽ യാഷ് ധുളിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ വീണ്ടും ലോകകപ്പ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. അംഗ്രിഷ് രഘുവംശി ടീമിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ട് ടീമിൽ ജേക്കബ് ബെഥേലും കളിച്ചിരുന്നു.
ആയുഷ് മാത്രെ
ഇപ്പോൾ 2026-ൽ ആയുഷ് മാത്രെയുടെ നേതൃത്വത്തിൽ ഇന്ത്യ ആറാം തവണയും ലോകകിരീടം നേടിയിരിക്കുന്നു. ആയുഷ് മാത്രെയും വൈഭവ് സൂര്യവൻഷിയും ഐപിഎല്ലിൽ ആദ്യ സീസണിൽ തന്നെ സൂപ്പർ താരങ്ങളായി ഉയർന്നവരാണ്.
ധോണിക്ക് കിട്ടാത്ത ഭാഗ്യം
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനാണെങ്കിലും എം എസ് ധോണിക്ക് അണ്ടർ 19 ലോകകപ്പിൽ കളിക്കാനായിട്ടില്ല. ധോണിയെ അണ്ടർ 19 ലോകകപ്പ് ടീമിലേക്ക് ഒരിക്കൽ പോലും തെരഞ്ഞെടുത്തിട്ടുമില്ല. 2000ൽ ലോകകപ്പ് നേടിയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയെങ്കിലും അജയ് രത്രയായിരുന്നു അന്ന് കീപ്പർ.
സച്ചിനും ഭാഗ്യമുണ്ടായില്ല
ഏജ് ഗ്രൂപ്പ് ടൂർണമെന്റുകൾ വരുന്നതിന് മുൻപുതന്നെ സച്ചിൻ ടെൻഡുൽക്കർ ചരിത്രം തിരുത്തിയിരുന്നു. വെറും 16-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ഒരിക്കൽ പോലും അണ്ടർ 19 ലോകകപ്പിൽ കളിച്ചിട്ടില്ല.
കിരീടഭാഗ്യമില്ലാതെ രോഹിത്
2006ലെ അണ്ടർ 19 ലോകകപ്പിൽ ചേതേശ്വർ പൂജാര നയിച്ച ടീമിൽ രോഹിത് ശർമയും ഉണ്ടായിരുന്നു. പൂജാരയായിരുന്നു ടൂർണമെന്റിലെ ടോപ് സ്കോറർ. രോഹിത് ആറ് കളികളിൽ 205 റൺസടിച്ച് മികവ് കാട്ടി. ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് പാകിസ്ഥാനാണ് കിരീടം നേടിയിത്. രവീന്ദ്ര ജഡേജയും ടീമിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

