ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് കിരീടം സ്വന്തമാക്കി. മുന്‍ താരങ്ങളായ വിരാട് കോലിയും ഗൗതം ഗംഭീറും യുവനിരയെ അഭിനന്ദിച്ച് രംഗത്തെത്തി.

ലണ്ടന്‍: കൗമാര ക്രിക്കറ്റിലെ തങ്ങളുടെ അപ്രമാദിത്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കിയത്. 14 വയസുകാരനായ വൈഭവ് സൂര്യവന്‍ഷി ഐതിഹാസിക ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്. ഇന്ത്യയുടെ വിജയം ക്രിക്കറ്റ് പ്രേമികള്‍ ആഘോഷമാക്കി. ആശംസകളുമായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യന്‍ ടീം ഗൗതം ഗംഭീര്‍ രംഗത്ത് വന്നു.

കോലി എക്‌സില്‍ കുറിച്ചിട്ടതിങ്ങനെ... ''ലോകകപ്പ് ഉയര്‍ത്തിയ അണ്ടര്‍-19 ടീമിന് അഭിനന്ദനങ്ങള്‍. പ്രായപരിധിയിലുള്ള ക്രിക്കറ്റില്‍ നമ്മുടെ ആധിപത്യം തുടരുന്നു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഭിനന്ദനങ്ങള്‍.'' കോലി വ്യക്തമാക്കി. 2008ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു കോലി. പിന്നീട് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച കോലി ക്യാപ്റ്റനുമായി. 

Scroll to load tweet…

കോലിയെ കൂടാതെ ഗംഭീറും ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നു. ''യുവതാരങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു! രാജ്യത്തിന്റെ ശോഭനമായ ഭാവി ഇതാ ഇവിടെയുണ്ട്.'' ഗംഭീര്‍ കുറിച്ചിട്ടു.

Scroll to load tweet…

ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 80 പന്തില്‍ നിന്ന് 175 റണ്‍സാണ് സൂര്യവന്‍ഷി അടിച്ചുകൂട്ടിയത്. ഇതില്‍ 15 സിക്‌സറുകളും 15 ഫോറുകളും ഉള്‍പ്പെടുന്നു. വെറും 55 പന്തില്‍ സെഞ്ച്വറി തികച്ച താരം ടൂര്‍ണമെന്റിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിക്ക് ഉടമയായി. കൂടാതെ അണ്ടര്‍-19 ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സ് (71 പന്തില്‍) എന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി.

അണ്ടര്‍-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ടീം സ്‌കോറും ഈ മത്സരത്തിലൂടെ ഇന്ത്യ തിരുത്തിക്കുറിച്ചു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് വേണ്ടി കാലേബ് ഫാല്‍ക്കനര്‍ (115) പൊരുതിയെങ്കിലും 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവരും പുറത്തായി. 2022ലും കിരീടം നേടിയ ഇന്ത്യ, ഈ വിജയത്തോടെ അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു.

YouTube video player