
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തില്‍ രോഹന്‍ കുന്നുമ്മലിന്‍റെ തകർപ്പന്‍ സെഞ്ചുറിയില്‍ ഗോവയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയവുമായി കേരളം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവയുടെ 241 റണ്‍സ് കേരളം 38.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഓപ്പണറായി ഇറങ്ങി 101 പന്തില്‍ 17 ഫോറും 4 സിക്സറും സഹിതം 134 റണ്‍സെടുത്ത രോഹനാണ് വിജയശില്‍പി. സ്കോർ- ഗോവ: 241/8 (50), കേരളം: 242/5 (38.1).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗോവയെ കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 241 എന്ന സ്കോറില്‍ ഒതുക്കി. 10 ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റുമായി അഖില്‍ സ്കറിയയും എട്ട് ഓവറില്‍ 48ന് രണ്ട് വിക്കറ്റുമായി എന്‍ പി ബേസിലും ഓരോരുത്തരെ മടക്കി വിനൂപ് ഷീല മനോഹരനും ആസിഫ് കെ എമ്മുമാണ് കേരളത്തെ തുണച്ചത്. ഓപ്പണർമാരായ സ്നേഹല്‍ കൗതാന്‍കർ 14നും വൈഭവ് ഗോവ്‍കർ നാലിനും വിക്കറ്റ് കീപ്പർ ഏക്നാഥ് 22നും സിദ്ദേഷ് ലാഡ് 12നും ക്യാപ്റ്റന്‍ സുയാഷ് എസ് പ്രഭുദേശായി 34നും പുറത്തായപ്പോള്‍ 87 പന്തില്‍ 69 റണ്‍സെടുത്ത ദർശന്‍ മിസാലാണ് ഗോവയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ദീപ്‍രാജ് ഗോയന്‍കർ 49 പന്തില്‍ 39 ഉം മോഹിത് രേദ്‍കർ 11 പന്തില്‍ 23* ഉം എടുത്ത് പിന്തുണ നല്‍കി. ലക്ഷ്യ ഗാർഗ് മൂന്ന് റണ്‍സില്‍ മടങ്ങിയപ്പോള്‍ അർജുന്‍ ടെന്‍ഡുല്‍ക്കർ(2*) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ഓപ്പണർ രാഹുല്‍ പിയെ കേരളത്തിന് 14 റണ്‍സെടുത്ത് നഷ്ടമായെങ്കിലും രോഹന്‍റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടേയും മിന്നും ബാറ്റിംഗ് ജയമൊരുക്കി. രോഹന്‍ 134 റണ്‍സുമായി മടങ്ങിയപ്പോള്‍ സച്ചിന്‍ 54 പന്തില്‍ 53* റണ്‍സുമായി പുറത്താകാതെ നിന്നു. രോഹന്‍ 74 പന്തില്‍ സെഞ്ചുറി തികച്ചു. വത്സാല്‍ ഗോവിന്ദ് (22), വിഷ്ണു വിനോദ്(1), വിനൂപ്(6) എന്നിവരാണ് പുറത്തായ മറ്റ് കേരള താരങ്ങള്‍. സച്ചിന്‍ ബേബിക്കൊപ്പം അക്ഷയ് ചന്ദ്രന്‍(6*) പുറത്താകാതെ നിന്നു. ഗോവയ്ക്കായി 9 ഓവർ പന്തെറിഞ്ഞ അർജുന്‍ ടെന്‍ഡുല്‍ക്കർ വിക്കറ്റൊന്നും നേടാതെ 57 റണ്‍സ് വഴങ്ങി. ലാഡ് മൂന്നും ഫെലിക്സും ദർശനും ഓരോ വിക്കറ്റും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!