
ആലൂര്‍: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്‌ട്രയെ കുഞ്ഞന്‍ സ്കോറില്‍ തളച്ച് കേരള ക്രിക്കറ്റ് ടീം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്‌ട്ര 49.1 ഓവറില്‍ 185 റണ്‍സില്‍ എല്ലാവരും പുറത്തായി. 20 വയസുകാരന്‍ അഖിന്‍ സത്താറിന്‍റെ മിന്നും ബൗളിംഗ് പ്രകടനത്തിന്‍റെ കരുത്തിലാണ് കേരളത്തിന്‍റെ മികവ്. അഖിന്‍ 10 ഓവറില്‍ 39 റണ്‍സിന് 4 വിക്കറ്റ് വീഴ്‌ത്തി. ശ്രേയാസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വീതവും അഖില്‍ സ്‌കറിയയും ബേസില്‍ എന്‍പിയും ഓരോ വിക്കറ്റുമായും അഖിന് ഉറച്ച പിന്തുണ നല്‍കി. ആറാമനായി ക്രീസിലെത്തി 121 പന്തില്‍ 98 റണ്‍സുമായി പൊരുതിയ വിശ്വരാജ്‌സിംഗ് ജഡേജയുടെ ഇന്നിംഗ്‌സാണ് സൗരാഷ്‌ട്രയെ കനത്ത നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെക്കും പോലെയാണ് ആലൂരിലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയത്. 13 പന്തില്‍ 4 റണ്‍സെടുത്ത ഓപ്പണറും വെടിക്കെട്ടുവീരന്‍ വിക്കറ്റ് കീപ്പറുമായ ഷെള്‍ഡന്‍ ജാക്‌സണെ പേസര്‍ ബേസില്‍ തമ്പി, വിഷ്‌ണു വിനോദിന്‍റെ കൈകളില്‍ എത്തിച്ചു. മറ്റൊരു ഓപ്പണര്‍ ഹര്‍വിന്‍ ദേശായിയെ അഖിന്‍ സത്താര്‍ റിട്ടേണ്‍ ക്യാച്ചിലൂടെയും മൂന്നാമന്‍ സമര്‍ഥ് വ്യാസിനെ അഖില്‍ സ്‌കറിയ ബൗള്‍ഡാക്കിയും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ദേശായി 14 പന്തില്‍ 8 ഉം, വ്യാസ് 21 പന്തില്‍ 9 ഉം റണ്‍സേ നേടിയുള്ളൂ. വ്യക്തിഗത അക്കൗണ്ട് തുറക്കും മുമ്പ് നാലാം നമ്പര്‍ ബാറ്റര്‍ പ്രേരക് മങ്കാദിനെ റിട്ടേണ്‍ ക്യാച്ചിലൂടെയും ബേസില്‍ തമ്പി പറഞ്ഞയച്ചു. പ്രേരക് നാല് പന്തുകള്‍ മാത്രമാണ് ക്രീസില്‍ നിന്നത്. ഇതോടെ സൗരാഷ്‌ട്ര 9.5 ഓവറില്‍ 29-4 എന്ന നിലയില്‍ പ്രതിരോധത്തിലായി.
ഇതിന് ശേഷം അര്‍പിത് വസവാദ (32 പന്തില്‍ 3), ചിരാഗ് ജാനി (13 പന്തില്‍ 2), പാര്‍ഥ് ഭട്ട് (8 പന്തില്‍ 2) എന്നിവരെ പറഞ്ഞയച്ച് 23.3 ഓവറില്‍ 65-7 എന്ന നിലയില്‍ സൗരാഷ്‌ട്രയെ അഖിന്‍ സത്താര്‍ ശ്വാസം മുട്ടിച്ചു. എന്നാല്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പ്രതിരോധിച്ച് കളിച്ച വിശ്വരാജ്‌സിംഗ് ജഡേജയും ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനാദ്‌കട്ടും സൗരാഷ്‌ട്രയെ 33 ഓവറില്‍ 100 തൊടീച്ചു. പൊരുതിക്കളിച്ച് ജഡേജ ഫിഫ്‌റ്റി തികയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ അപകടം മണത്ത ഘട്ടത്തില്‍ നിര്‍ണായക ബ്രേക്ക് ത്രൂവായി ഉനാദ്‌കട്ടിനെ മടക്കി (54 പന്തില്‍ 37) ശ്രേയാസ് ഗോപാല്‍ കേരളത്തെ കാത്തു. വിശ്വരാജ്‌സിംഗ് ജഡേജ-ജയ്‌ദേവ് ഉനാദ്‌കട്ട് സഖ്യം 69 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. വൈകാതെ ധര്‍മ്മേന്ദ്രസിംഗ് ജഡേജയെയും (11 പന്തില്‍ 5) ശ്രേയാസ് മടക്കി. ഒരറ്റത്ത് പൊരുതിനിന്ന വിശ്വരാജ്‌സിംഗ് ജഡേജയെ 121 പന്തില്‍ 98 എടുത്ത് നില്‍ക്കേ ബേസില്‍ എന്‍ പി വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന്‍റെ കൈകളില്‍ എത്തിച്ചതോടെ സൗരാഷ്‌ട്ര ഇന്നിംഗ്‌സ് 49.1 ഓവറില്‍ 185 റണ്‍സില്‍ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!