സ്കൈയുടെ പ്രസ് മീറ്റിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമേ എത്തിയുള്ളൂ എന്ന വിവരം മുതിര്‍ന്ന ക്രിക്കറ്റ് ജേണലിസ്റ്റ് വിമല്‍ കുമാറാണ് സാമൂഹ്യമാധ്യമമായ അറിയിച്ചത്

വിശാഖപട്ടണം: ഇന്ത്യന്‍ പുരുഷ ട്വന്‍റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അപമാനം നേരിട്ട് സൂര്യകുമാര്‍ യാദവ്. വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി20ക്ക് മുമ്പ് സൂര്യകുമാറിന്‍റെ വാര്‍ത്താസമ്മേളനത്തിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയത്. അടുത്തിടെ അവസാനിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ എത്തിയ സ്ഥാനത്താണ് സൂര്യകുമാറിന്‍റെ പ്രസ്‌ മീറ്റിന് മതിയായ ആളില്ലാതെവന്നത്. സ്കൈയുടെ പ്രസ് മീറ്റിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമേ എത്തിയുള്ളൂ എന്ന വിവരം മുതിര്‍ന്ന ക്രിക്കറ്റ് ജേണലിസ്റ്റ് വിമല്‍ കുമാറാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ (പഴയ ട്വിറ്റര്‍) അറിയിച്ചത്. 

Scroll to load tweet…

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് ട്വന്‍റി 20 മത്സരങ്ങള്‍. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച ഓസീസിനോട് പകരംവീട്ടാനുള്ള അവസരം കൂടിയാണ് നീലപ്പടയ്‌ക്കിത്. എന്നാല്‍ ലോകകപ്പിനിടെ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതും സീനിയര്‍ താരങ്ങള്‍ പലരും ലോകകപ്പ് കഴിഞ്ഞ് വിശ്രമത്തിലാണ് എന്നതിനാലും സൂര്യകുമാര്‍ യാദവിനെ ഓസീസിന് എതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റനായി ബിസിസിഐയുടെ സീനിയര്‍ സെലക്‌ടര്‍മാര്‍ നിയമിക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റനായ ശേഷമുള്ള സൂര്യയുടെ ആദ്യ വാര്‍ത്താസമ്മേളനത്തിന് മതിയായ മാധ്യമ കവറേജ് ലഭിച്ചില്ല. 

അടുത്ത ട്വന്‍റി 20 ലോകകപ്പിനായി നന്നായി ഒരുങ്ങുക തന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 'ഓസ്ട്രേലിയയെ ഭയക്കേണ്ടതില്ല, സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനാണ് യുവതാരങ്ങൾക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്. ഏകദിന ലോകകപ്പ് കൈവിട്ടത് നിരാശയാണ്. എന്നാല്‍ ടൂര്‍ണമെന്‍റിലാകെ ഇന്ത്യന്‍ ടീം കാഴ്‌ചവെച്ച മികവില്‍ അഭിമാനമുണ്ട്. വളരെ പോസിറ്റീവായ ക്രിക്കറ്റാണ് ടൂര്‍ണമെന്‍റില്‍ ഉടനീളം ടീം കാഴ്‌ചവെച്ചത്. തോല്‍വി മറന്ന് മുന്നോട്ടുപോയേ മതിയാകൂ' എന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് ഇന്ന് വ്യാഴാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ഓസീസ് ആദ്യ ടി20 ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ല. 

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

Read more: കലിപ്പടക്കണം, കടം വീട്ടണം; ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി 20 ഇന്ന്; യുവനിരയില്‍ പ്രതീക്ഷ വച്ച് നീലപ്പട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം