
രാജ്‌കോട്ട്: ഓപ്പണര്‍മാര്‍ രണ്ട് പേര്‍ക്കും സെഞ്ചുറി, അവസാന 10 ഓവറില്‍ ബാക്കിയുള്ളവരുടെ വെടിക്കെട്ട്! വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിന്‍റെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രക്കെതിരെ ഹിമാലയന്‍ സ്കോര്‍ പടുത്തുയര്‍ത്തി കേരള ക്രിക്കറ്റ് ടീം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റിന് 383 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മലും കൃഷ്‌ണ പ്രസാദും ആദ്യ വിക്കറ്റില്‍ 34.1 ഓവറില്‍ 218 റണ്‍സ് അടിച്ചുകൂട്ടി. കൃഷ്‌ണ പ്രസാദ് 137 ബോളില്‍ 144 ഉം, രോഹന്‍ 95 പന്തില്‍ 120 ഉം റണ്‍സെടുത്ത് മടങ്ങി. സഞ്ജു സാംസണ്‍, വിഷ്‌ണു വിനോദ്, അബ്ദുള്‍ ബാസിത് എന്നിവരും കേരളത്തിനായി തിളങ്ങി. വിജയ് ഹസാരെയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
ടോസ് നേടിയ മഹാരാഷ്‌ട്ര നായകന്‍ കേദാര്‍ ജാദവ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ രോഹന്‍ 53 പന്തിലും പ്രസാദ് 63 പന്തില്‍ ഫിഫ്റ്റി തികച്ചു. ഇതിന് ശേഷം ഗിയര്‍മാറ്റിയ രോഹന്‍ എസ് കുന്നുമ്മല്‍ 83 പന്തിലും കൃഷ്‌ണ പ്രസാദ് 114 പന്തിലും സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ കേരളം കരുത്താര്‍ജിച്ചു. പ്രസാദിന്‍റെ ആദ്യ ലിസ്റ്റ് എ ശതകമാണിത്. തകര്‍ത്തടിക്കുകയായിരുന്ന രോഹനെ കേരളത്തിന് 35-ാം ഓവറിലെ ആദ്യ പന്തില്‍ ടീം സ്കോര്‍ 218ല്‍ നില്‍ക്കേ നഷ്‌ടമായി. 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത രോഹനെ കാസിയാണ് മടക്കിയത്.
ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ സഞ്ജു സാംസണ്‍ വണ്‍ഡൗണായി കളത്തിലെത്തിയത് കേരളത്തിന്‍റെ സ്കോര്‍ വേഗം ഇരട്ടിപ്പിച്ചു. തുടക്കം മുതല്‍ സഞ്ജു കടന്നാക്രമിച്ചതോടെ കേരളം 40 ഓവറില്‍ 272-1 എന്ന അതിശക്തമായ നിലയിലെത്തി. സെഞ്ചുറി പിന്നിട്ടതോടെ കൃഷ്‌ണ പ്രസാദും മഹാരാഷ്‌ട്ര ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ ഘോഷിനെ പായിക്കാനുള്ള ശ്രമത്തില്‍ സഞ്ജു 42.1 ഓവറില്‍ ബൗള്‍ഡായി. 25 പന്തില്‍ 29 റണ്‍സ് നേടിയ സഞ്ജു നിര്‍ണായകമായി. എങ്കിലും 43.1 ഓവറില്‍ കേരളം 300 തൊട്ടു. സെഞ്ചുറിയുമായി കുതിക്കുകയായിരുന്ന കൃഷ്‌ണ പ്രസാദും വൈകാതെ മടങ്ങി. 137 പന്തില്‍ 13 ഫോറും 4 സിക്‌സും ഉള്‍പ്പടെ 144 റണ്‍സാണ് പ്രസാദ് അടിച്ചുകൂട്ടിയത്. നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിഷ്‌ണു വിനോദും അബ്ദുള്‍ ബാസിത്തും കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. വിഷ്‌ണു 23 പന്തില്‍ 43 റണ്‍സുമായി 49-ാം ഓവറിലെ അവസാന പന്തില്‍ മടങ്ങിയപ്പോള്‍ അബ്‌ദുള്‍ ബാസിത്തും (18 പന്തില്‍ 35*), സച്ചിന്‍ ബേബിയും (2 പന്തില്‍ 1*) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം