Latest Videos

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് തോല്‍വി; കര്‍ണാടക സെമിയില്‍

By Web TeamFirst Published Mar 8, 2021, 5:15 PM IST
Highlights

192 റണ്‍സുമായി ഓപ്പണര്‍ സമര്‍ത്ഥും 101 റണ്‍സോടെ  മലയാളി താരം ദേവ്ദത്ത് പടിക്കലും കര്‍ണാടകക്കായി തിളങ്ങിയപ്പോള്‍ 92 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 34 പന്തില്‍ 52 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനും മാത്രമെ കേരളത്തിനായി പൊരുതിയുള്ളു.

ദില്ലി: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ 80 റണ്‍സിന്‍റെ ആധികാരിക ജയവുമായി കര്‍ണാടക സെമിയില്‍. ക്വാര്‍ട്ടറില്‍ ഒരിക്കല്‍ കൂടി കര്‍ണാടകയുടെ ബാറ്റിംഗ് കരുത്തിന് മുന്നിലാണ് കേരളം മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഉയര്‍ത്തിയ 339 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള്‍ ഔട്ടായി.

192 റണ്‍സുമായി ഓപ്പണര്‍ സമര്‍ത്ഥും 101 റണ്‍സോടെ  മലയാളി താരം ദേവ്ദത്ത് പടിക്കലും കര്‍ണാടകക്കായി തിളങ്ങിയപ്പോള്‍ 92 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 34 പന്തില്‍ 52 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനും മാത്രമെ കേരളത്തിനായി പൊരുതിയുള്ളു. സ്കോര്‍ കര്‍ണാടക 50 ഓവറില്‍ 338/3, കേരളം 43.4 ഓവറില്‍ 258ന് ഓള്‍ ഔട്ട്.

തുടക്കം പിഴച്ചു

കര്‍ണാടകയുടെ വമ്പന്‍ സ്കോര്‍ മറികടക്കണമെങ്കില്‍ മികച്ച തുടക്കം കേരളത്തിന് അനിവാര്യമായിരുന്നു. എന്നാല്‍  സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് എത്തിയപ്പോഴെ കേരളത്തിന് മിന്നുന്ന ഫോമിലുള്ള ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെയും(2), രോഹന്‍ കുന്നുമേലിനെയും(0) നഷ്ടമായി. ഉത്തപ്പ, റോണിത്തിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ് പകരം ടീമിലെത്തിയ രോഹന്‍ കുന്നുമ്മല്‍ റണ്‍സെടുക്കാതെ മടങ്ങി. റോണിത്തിന്‍റെ അടുത്ത ഓവറിലാണ് രോഹന്‍ മടങ്ങിയത്.

മികച്ച തുടക്കമിട്ട വിഷ്ണു വിനോദിനെ (28) പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ശരത്തിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ മുന്‍നിര താരങ്ങളുടെ തകര്‍ച്ച പൂര്‍ണമായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം(27) വത്സല്‍ ഗോവിന്ദ് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് കേരളത്തെ 100 കടത്തിയെങ്കിലും സച്ചിനെ മടക്കി ഗൗതം കര്‍ണാടകക്ക് വീണ്ടും മുന്‍തൂക്കം നല്‍കി.

സച്ചിന്‍ ബേബി മടങ്ങിയശേഷം ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീനുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി വത്സല്‍ ഗോവിന്ദ് പ്രതീക്ഷ നല്‍കിയെങ്കിലും റോണിത് മോറെയുടെ പന്തില്‍ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നല്‍കി വത്സല്‍(92) മടങ്ങിയതോടെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി. അസറുദ്ദീനും(34 പന്തില്‍ 52), ജലജ് സക്സേനയും(24) നടത്തിയ ചെറുത്തുനില്‍പ്പിന് പരാജയഭാരം കുറക്കാനായെന്ന് മാത്രം. കര്‍ണാടകക്കായി റോണിത് മോറെ 36 റണ്‍സ് അ‍ഞ്ച് വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലും കെ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അടിച്ചുതകര്‍ത്ത് കര്‍ണാടക

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് ക്യാപ്റ്റന്‍ ആര്‍ സമര്‍ത്ഥ് (192), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എന്‍ പി ബേസിലാണ്.

43ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 249 റണ്‍സായിരുന്നു. ദേവ്ദത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്‍റെ ഇന്നിംഗ്സ്. ബേസിലിന്‍റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് മനീഷ് പാണ്ഡെ.

എന്നാല്‍ 48ാം ഓവറില്‍ ഇരട്ട സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ സമര്‍ത്ഥ് പുറത്തായി. മൂന്ന് സിക്സും 22 ഫോറും അടങ്ങുന്നതായിരുന്നു കര്‍ണാടക ക്യാപ്റ്റന്‍റെ ഇന്നിംഗ്സ്. പിന്നാലെ ക്രീസിലെത്തിയ കെ ഗൗതം ആദ്യ പന്തില്‍ മടങ്ങിയെങ്കിലും കര്‍ണാടക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മനീഷ് പാണ്ഡെ (20 പന്തില്‍ 34), കെ വി സിദ്ധാര്‍ത്ഥ് (4) പുറത്താവാതെ നിന്നു. 10 ഓവറും എറിഞ്ഞ എസ് ശ്രീശാന്ത് 73 റണ്‍സ് വിട്ടുകൊടുത്തു. ബേസില്‍ തമ്പി ഏഴ് ഓവറില്‍ 67 റണ്‍സ് വഴങ്ങി. നേരരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കര്‍ണാടകയ്ക്കായിരുന്നു ജയം.

click me!