Vijay Hazare Trophy : അയ്യര്‍ ഷോയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി; സഞ്ജുവിന് നിരാശ

By Web TeamFirst Published Dec 9, 2021, 5:16 PM IST
Highlights

അര്‍ധസെഞ്ചുറിയുമായി ഓപ്പണര്‍ രോഹന്‍ കുന്നുമേലും സച്ചിന്‍ ബേബിയും പൊരുതി നോക്കിയെങ്കിലും കേരളത്തിന് മധ്യപ്രദേശിന്‍റെ ഹിമാലയന്‍ ലക്ഷ്യം മറികടക്കാനായില്ല. സെഞ്ചുറി പ്രകടനത്തിന് പിന്നാലെ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ വെങ്കടേഷ് അയ്യരാണ് മധ്യപ്രദേശിന്‍റെ വിജയശില്‍പി.

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy )ഏകദിന ടൂര്‍ണമെന്‍റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(Sanju Samson) നിരാശപ്പെടുത്തിയപ്പോള്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്(Kerala vs  Madhya Pradesh) 40 റണ്‍സ് തോല്‍വി. വെങ്കടേഷ് അയ്യരുടെ(Venkatesh Iyer) വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തപ്പോള്‍ കേരളം 49.4 ഓവറില്‍ 289 റണ്‍സിന് പുറത്തായി. സ്കോര്‍: മധ്യപ്രദേശ് 50 ഓവറില്‍ 329-9, കേരളം 49.4 ഓവറില്‍ 289 ന് ഓള്‍ ഔട്ട്.

അര്‍ധസെഞ്ചുറിയുമായി ഓപ്പണര്‍ രോഹന്‍ കുന്നുമേലും സച്ചിന്‍ ബേബിയും പൊരുതി നോക്കിയെങ്കിലും കേരളത്തിന് മധ്യപ്രദേശിന്‍റെ ഹിമാലയന്‍ ലക്ഷ്യം മറികടക്കാനായില്ല. സെഞ്ചുറി പ്രകടനത്തിന് പിന്നാലെ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ വെങ്കടേഷ് അയ്യരാണ് മധ്യപ്രദേശിന്‍റെ വിജയശില്‍പി.

330 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹനും അസ്ഹറുദ്ദീനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.4 ഓവറില്‍ 68 റണ്‍സടിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം സ്കോര്‍ 100 കടത്തിയെങ്കിലും വമ്പന്‍ സ്കോര്‍ നേടാനാവാതെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 22 പന്തില്‍ 18 റണ്‍സുമായി സഞ്ജു മടങ്ങിയശേഷം സച്ചിന്‍ ബേബിയും രോഹനും ചേര്‍ന്ന് കേരളത്തിന് പ്രതീക്ഷ നല്‍കി.

എന്നാല്‍ അര്‍ധസെഞ്ചുറി കടന്ന് കുതിച്ച രോഹനെ(76 പന്തില്‍ 66) ശുഭം ശര്‍മ മടക്കിയത് കേരളത്തിന് തിരിച്ചടിയായി. വസ്തല്‍ ഗോവിന്ദുമൊത്ത്(21) സച്ചിന്‍ ബേബി അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ മുന്നോട്ട് നയിച്ചെങ്കിലും സച്ചിനെ(67 പന്തില്‍ 67) ആവേശ് ഖാനും വത്സലിനെയും, വിഷ്ണു വിനോദിനെയും(7) വെങ്കടേഷ് അയ്യരും മടക്കിയതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജലജ് സക്സേനയുടെ(25 പന്തില്‍ 34) പോരാട്ടമാണ് കേരളത്തിന്‍റെ തോല്‍വിഭാരം കുറച്ചത്. മധ്യപ്രദേശിനായി പുനീത് ദാത്തെ നാലും വെങ്കടേഷ് അയ്യര്‍ ഒമ്പതോവറില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്തു. 10 ഓവറില്‍ 63 റണ്‍സ് വഴങ്ങിയ ആവേശ് ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. നേരത്തെ ടേസ് നഷ്ടമായി ക്രീസിലിറങ്ങിയ മധ്യപ്രദേശ് വെങ്കടേഷ് അയ്യരുടെ സെഞ്ചുറിയുടെയും(84 പന്തില്‍ 112) ശുഭം ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(67 പന്തില്‍ 82) രജത് പാട്ടീദാറിന്‍റെയും(49), അഭിഷേക് ഭണ്ഡാരിയുടെയും(49) ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോറിലെത്തിയത്.

ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഡിനെ ആറ് വിക്കറ്റിന് വീഴ്ത്തിയിരുന്നു. മഹാരാഷ്ടക്കെതിരെ ആണ് കേരളത്തിന്‍റെ അടുത്ത മത്സരം.

click me!