ബാറ്റെടുത്ത് ഗ്യാലറിയിലെ ആരാധകനെ തല്ലാന്‍ പോകുന്ന ഇന്‍സമാമിനെ കണ്ട് ഞെട്ടിയെന്ന് വിനോദ് കാംബ്ലി

By Web TeamFirst Published Aug 1, 2020, 6:00 PM IST
Highlights

ഫീല്‍ഡ് ചെയ്യുന്ന ഇന്‍സമാമിന് എന്തിനാണ് ബാറ്റ് എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. എന്നാല്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ബാറ്റ് വാങ്ങിയ ഇന്‍സി ഗ്യാലറിയിലേക്ക് ഓടിക്കയറി ആരാധകനെ തല്ലാനോങ്ങുന്നതാണ് ‌കണ്ടത്.

മുംബൈ: 1997ലെ സഹാറ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന പാക് താരം ഇന്‍സമാം ഉള്‍ ഹഖ് ഡ്രസ്സിംഗ് റൂമില്‍ നിന്ന് ബാറ്റ് വാങ്ങി ഗ്യാലറിയിലെ ആരാധകനെ തല്ലാന്‍ പോയ സംഭവം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ആ കാഴ്ച കണ്ട് ഞെട്ടിയ കാര്യം തുറന്നുപറയുകയാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മുന്‍ താരം വിനോദ് കാംബ്ലി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എല്ലാ വര്‍ഷവും കാനഡയിലെ ടൊറാന്റോയിലായിരുന്നു സഹാറ കപ്പ് എന്ന പേരിലുള്ള ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നത്. 1997ലെ പരമ്പരയിലാണ് ഇന്‍സമാം ആരാധകനെ തല്ലാനായി ബാറ്റുമായി ഗ്യാലറിയിലേക്ക് ഓടിക്കയറിയ സംഭവം ഉണ്ടായത്. പാക് ടീമിലെ പന്ത്രണ്ടാമനാണ് ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്‍സമാമിന് ബാറ്റ് കൈ മാറിയതെന്ന് കാംബ്ലി പറഞ്ഞു.


ഇന്ത്യ ബാറ്റ് ചെയ്യുകയായിരുന്നു. ഞങ്ങളെല്ലാം ഡ്രസ്സിംഗ് റൂമിലിരുന്ന് കളി കാണുകയും. ബൗണ്ടറിക്ക് അരികിലായിരുന്നു ഇന്‍സമാം ഫീല്‍ഡ് ചെയ്തിരുന്നത്.  പെട്ടെന്നാണ് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി പാക് ടീമിലെ പന്ത്രണ്ടാമനോട് ഒരു ബാറ്റ് കൊണ്ടുവരാന്‍ ഇന്‍സമാമം ആംഗ്യം കാട്ടിയത്. ഞങ്ങള്‍ക്ക് മുന്നിലൂടെ പന്ത്രണ്ടാമന്‍ ബാറ്റുമായി പോകുന്നത് കണ്ടപ്പോള്‍ ഞങ്ങളെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് ആകാംക്ഷയോടെ നോക്കി.

ഫീല്‍ഡ് ചെയ്യുന്ന ഇന്‍സമാമിന് എന്തിനാണ് ബാറ്റ് എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. എന്നാല്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ബാറ്റ് വാങ്ങിയ ഇന്‍സി ഗ്യാലറിയിലേക്ക് ഓടിക്കയറി ആരാധകനെ തല്ലാനോങ്ങുന്നതാണ് ‌കണ്ടത്. അതുകണ്ട് ഞങ്ങളെല്ലാം ശരിക്കും ഞെട്ടി. പിന്നീട് ഞങ്ങള്‍ തമ്മില്‍ അതിനെക്കുറിച്ചായി ചര്‍ച്ച മുഴുവന്‍. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞു.

തടിച്ച ശരീരപ്രകൃതമുള്ള ഇന്‍സമാമിനെ ഗ്യാലറിയിലിരുന്ന ആരാധകന്‍ ആലൂ(ഉരുളക്കിഴങ്ങ്) എന്ന് തുടര്‍ച്ചയായി വിളിച്ചതാണ് ഇന്‍സിയെ ചൊടിപ്പിച്ചത് എന്ന് പിന്നീട് വ്യക്തമായി. എന്നാല്‍ ആലൂ എന്ന് വിളിച്ചത് മാത്രമല്ല ഇന്‍സിയെ പ്രകോപിപ്പിച്ചതെന്ന് അടുത്തിടെ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന വഖാര്‍ യൂനിസ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ പത്നിയെക്കുറിച്ച് ആരാധകന്‍ ഉപയോഗിച്ച മോശം വാക്കുകളും ഇന്‍സിയെ പ്രകോപിപ്പിച്ചുവെന്നും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും വഖാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇന്‍സമാമിന് രണ്ട് മത്സര വിലക്ക് നേരിട്ടതിന് പുറമെ കോടതിയില്‍ ഹാജരാവേണ്ടിയും വന്നു.

click me!