
ദില്ലി: കൊവിഡ് 19 ഇന്ത്യയിലും പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളോട് പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോലി ആരാധകരോട് യാഥാര്‍ത്ഥ്യം മനസിലാക്കി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ അഭ്യര്‍ത്ഥിച്ചത്.
എന്റെ പേര് വിരാട് കോലി. ഇന്ത്യ കളിക്കാരന്‍ എന്ന നിലയിലല്ല, ഇന്ത്യന്‍ പൌരനെന്ന നിലയിലാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കാണുന്നത്, കര്‍ഫ്യു നിയന്ത്രണങ്ങളൊ, ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങളോ പാലിക്കാതെ ആളുകള്‍ സംഘമായി സഞ്ചരിക്കുന്നതാണ്. ഇതിനര്‍ത്ഥം ഈ പോരാട്ടത്തെ വളരെ ലളിതമായി നാം കാണുന്നു എന്നതാണ്. എന്നാല്‍ കാണുന്നപോലെയോ മനസിലാക്കിയപോലെയോ ഈ പോരാട്ടം അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ എല്ലാവരും പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് അപേക്ഷിക്കുകയാണ്.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ അശ്രദ്ധകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കും വൈറസ് ബാധ പടരാതിരിക്കട്ടെ. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കൂ. അവര്‍ നമുക്കായി കഠിനമായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. സംഘമായി പുറത്തുപോയി നിയമലംഘനം നടത്താതെ നമ്മുടെ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മാത്രമെ ഈ പോരാട്ടം ജയിക്കാനാവു.
രാജ്യത്തിന്റെ നന്‍മയെ കരുതിയെങ്കിലും അത് ചെയ്യു. സാഹചര്യത്തിന്റെ ഗൌരവം മനസിലാക്കി യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്ന് ഉത്തരവാദിത്തം ഏറ്റെടുക്കു. രാജ്യത്തിനിപ്പോള്‍ ആവശ്യം നമ്മുടെ പിന്തുണയും സത്യസന്ധതയുമാണ്-കോലി പറഞ്ഞു