
മുംബൈ: ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ആധിപത്യം ഉറപ്പിച്ച് വിരാട് കോലി. സെമി ഫൈനലില്‍ 117 റണ്‍സ് നേടിയതോടെ കോലിയെ വെല്ലാന്‍ ആളില്ലാതായെന്ന് പറയാം. 10 ഇന്നിംഗ്‌സില്‍ 711 റണ്‍സാണ് കോലിയുടെ സമ്പാദ്യം. കോലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള താരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കാണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡി കോക്കിന് 591 റണ്‍സുണ്ട്. നാളെ ഓസ്‌ട്രേലിയക്കെതിരെ സെമി ഫൈനല്‍ മത്സരത്തിനിറങ്ങുന്നുണ്ട് ഡി കോക്ക്. 121 റണ്‍സ് നേടിയാല്‍ ഡി കോക്കിന് കോലിയെ മറികടക്കാം. ഡി കോക്കിന് നാല് സെഞ്ചുറികളുണ്ട്.
ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ് (578) മൂന്നാമത്. എന്നാല്‍ കിവീസ് പുറത്തായതോടെ രവീന്ദ്രയുടെ സാധ്യതകളും അവസാനിച്ചു. നാലാമതുള്ള ഡാരില്‍ മിച്ചലിന്റെ (552) അവസ്ഥയും ഇതുതന്നെ. രവീന്ദ്രയ്ക്ക് മൂന്നും മിച്ചലിന് രണ്ടും സെഞ്ചുറികളാണുള്ളത്. 550 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാത്തുണ്ട്. ഒരു സെഞ്ചുറി മൂന്ന് അര്‍ധ സെഞ്ചുറിയും രോഹിത് നേടി. തുടര്‍ച്ചയായി രണ്ടാം സെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യര്‍ 526 റണ്‍സുമായി ആറാമതെത്തി. ഡേവിഡ് വാര്‍ണര്‍ (499), വാന്‍ ഡര്‍ ഡസ്സന്‍ (442), മിച്ചല്‍ മാര്‍ഷ് (426), ഡേവിഡ് മലാന്‍ (404) എന്നിവര്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
ന്യൂസിലന്‍ഡിനെതിരെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയാണ് കോലി നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനും കോലിക്കായിരുന്നു. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31) മുന്നാമത്. റിക്കി പോണ്ടിംഗ് (30), സനത് ജയസൂര്യ (28) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍. 117 റണ്‍സ് നേടിയ കോലി പിന്നാലെ മടങ്ങിയിരുന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സച്ചിനില്‍ നിന്നും കോലി തട്ടിയെടുത്തിരുന്നു. 2003 ലോകകപ്പില്‍ 673 റണ്‍സാണ് കോലി നേടിയിരുന്നത്. ന്യൂസിലന്‍ഡിനെതിരെ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോള്‍ റെക്കോര്‍ഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തില്‍ മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍ മൂന്നാമതായി. 2007ല്‍ ലോകകപ്പിലാണ് ഹെയ്ഡന്‍ ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. അതേ ലോകകപ്പില്‍ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്. ടി20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും കോലിയാണ്. 2016 ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയത്. ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോലിയുടെ പേരില്‍. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 558 റണ്‍സാണ് കോലി അടിച്ചെടുത്തത്.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!