Latest Videos

600 കടന്ന് കോലി! അപൂര്‍വ നേട്ടത്തില്‍ രാഹുലിനൊപ്പം; ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാന്‍ റുതുരാജ് ഇന്നിറങ്ങും

By Web TeamFirst Published May 10, 2024, 8:55 AM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്കവാദ് (541) രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഗെയ്കവാദിന് നില മെച്ചപ്പെടുത്താം.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ 600 കടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഓപ്പണര്‍ വിരാട് കോലി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 92 റണ്‍സ് നേടിയതോടെ ഒന്നാം സ്ഥാനത്തുള്ള കോലിക്ക് 634 റണ്‍സായി. 12 മത്സരങ്ങളില്‍ 70.44 ശരാശരിയിലാണ് കോലിയുടെ നേട്ടം. 153.51 സ്‌ട്രൈക്കറ്റ് റേറ്റും കോലിക്കുണ്ട്. നാലാം തവണയാണ് കോലി ഐപിഎല്ലില്‍ 600 കടക്കുന്നത്. 2013, 2016, 2023 സീസണുകളിലും കോലി നാഴികക്കല്ല് പിന്നിട്ടു. കെ എല്‍ രാഹുലാണ് നാല് സീസണുകളില്‍ 600 റണ്‍സ് നേടിയിട്ടുള്ള മറ്റൊരു താരം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്കവാദ് (541) രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഗെയ്കവാദിന് നില മെച്ചപ്പെടുത്താം. 94 റണ്‍സെടുത്താല്‍ കോലിയെ മറികടക്കാനും ഗെയ്കവാദിന് സാധിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് 533 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. സീസണില്‍ 500 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ട്രാവിസ് ഹെഡ്. ആദ്യ പത്തിലുള്ള താരങ്ങളില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഒരേയൊരു ബാറ്ററും ട്രാവിസ് ഹെഡാണ്. 53.30 ശരാശരിയും 201.89 സ്‌ട്രൈക്ക് റേറ്റുമാണ് ഹെഡിനുള്ളത്. ലഖ്‌നൗവിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 30 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തിരുന്നു ഹെഡ്. 

ഡല്‍ഹി കാപിറ്റല്‍സിനെതിരെ 46 പന്തില്‍ 86 റണ്‍സടിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നാലാം സ്ഥാനത്താണ്. 471 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു 67.29 ശരാശരിലും 163.54 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ (183.67) റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്. ഹൈദരാബാദിനെതിരെ 33 പന്തില്‍ 29 റണ്‍സടിച്ച ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലാണ് 460 റണ്‍സുമായി റണ്‍വേട്ടക്കരില്‍ ആറാമത്. റിയാന്‍ പരാഗ്(436), ഫില്‍ സാള്‍ട്ട്(429), സായ് സുദര്‍ശന്‍ (424), റിഷഭ് പന്ത്(413) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

ടി20 ലോകകപ്പില്‍ അവന് യോജിച്ചത് മൂന്നാം നമ്പര്‍! കോലിയെ മാറ്റണമെന്ന് ബ്രയാന്‍ ലാറ; കാരണം വ്യക്തമാക്കി ഇതിഹാസം

സ്‌ട്രൈക്ക് റേറ്റില്‍ ഹെഡിനെപ്പോലും പിന്നിലാക്കുന്ന ഇന്ത്യന്‍ താരവും റണ്‍വേട്ടക്കാരുടെ പട്ടികയിലുണ്ട്. ഇന്ത്യന്‍ യുവതാര അഭിഷേക് ശര്‍മയാണത്. ഇന്നലെ ലഖ്‌നൗവിനെതിരെ 28 പന്തില്‍ 75 റണ്‍സടിച്ച അഭിഷേക് ശര്‍മ 400 റണ്‍സ് പിന്നിട്ടിരുന്നു. 401 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ 11-ാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയുടെ സ്‌ട്രൈക്ക് റേറ്റ് 205.64 ആണ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ്(35) അടിച്ച താരവും അഭിഷേകാണ്. 32 സിക്‌സ് അടിച്ച സുനില്‍ നരെയ്ന്‍ രണ്ടാമതും 31 സിക്‌സ് അടിച്ച ട്രാവിസ് ഹെഡ് മൂന്നാമതുമാണ്.

click me!