സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍

Published : Jan 18, 2026, 11:27 PM IST
Virat Kohli

Synopsis

ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ വിരാട് കോലി രണ്ട് പുതിയ റെക്കോഡുകള്‍ സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ സെഞ്ചുറി എന്നീ നേട്ടങ്ങളില്‍ കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. 

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലുമായി 10 സെഞ്ചുറികള്‍ കോലി ന്യൂസിലന്‍ഡിനെതിരെ നേടി. 73 ഇന്നിംഗ്‌സില്‍ നിന്നാണിത്. ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയ ജാക്വസ് കാലിസ് (76 ഇന്നിംഗ്‌സ്), ജോ റൂട്ട് (71 ഇന്നിംഗ്‌സ്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (80 ഇന്നിംഗ്‌സ്) എന്നിവര്‍ കോലിക്ക് പിന്നിലായി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. 35 വ്യത്യസ്ത വേദികളില്‍ കോലി സെഞ്ചുറി നേടി. ഇക്കാര്യത്തില്‍ സച്ചിനെയാണ് കോലി പിന്തള്ളിയത്.

സച്ചിന്‍ 34 വിവിധ വേദികളില്‍ സെഞ്ചുറി നേടി. രോഹിത് ശര്‍മ (26), റിക്കി പോണ്ടിംഗ് (21), ഹാഷിം അംല (21), എബി ഡിവില്ലിയേഴ്‌സ് (21) എന്നിവര്‍ കോലിക്ക് പിന്നിലായി. അതേസമയം, റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ വിരാട് കോലിയാണ്. മൂന്ന് മത്സരങ്ങളിള്‍ നിന്ന് 240 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും കോലി നേടി. 240 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാമത്. മുന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 352 റണ്‍സാണ്. ശരാശരി 176. രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും മിച്ചല്‍ സ്വന്തമാക്കി.

ഏകദിന പരമ്പര 2-1നാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് അവര്‍ ഇന്ത്യയില്‍ ഏകദിന പരമ്പര ജയിക്കുന്നത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്‌സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മുറപടി ബാറ്റിംഗില്‍ ഇന്ത്യ 46 ഓവറില്‍ 296ന് എല്ലാവരും പുറത്താവുകയായിരുന്നു. 108 പന്തില്‍ 124 റണ്‍സ് നേടിയ വിരാട് കോലിയുടെ പോരാട്ടം പാഴായി.

ചില മേഖലങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഗില്‍ മത്സരശേഷം പറഞ്ഞു. ഗില്ലിന്റെ വാക്കുകള്‍... ''ആദ്യ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. ഞങ്ങള്‍ കളിച്ച രീതി നിരാശാജനകമാണ്. ഇനിയും ചില മേഖലങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. വിരാട് ഭായ് ബാറ്റ് ചെയ്യുന്ന രീതി എപ്പോഴും ഒരു പ്ലസ് ആണ്. പരമ്പരയില്‍ ഹര്‍ഷിത് ബാറ്റ് ചെയ്ത രീതിയും പ്രശംസിക്കപ്പെടണം. എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. പക്ഷേ അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തു. പരമ്പരയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നന്നായി തന്നെ പന്തെറിഞ്ഞു. ലോകകപ്പ് മുന്നില്‍ കണ്ട് നിതീഷ് കുമാര്‍ റെഡ്ഡി കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് കരുതുന്നു. മതിയായ ഓവറുകള്‍ നല്‍കണം.'' ഗില്‍ മത്സരശേഷം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത് ശര്‍മ ആദ്യ പത്തില്‍ പോലുമില്ല; ഡാരില്‍ മിച്ചല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍
'ചില മേഖലകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്'; ന്യൂസിലന്‍ഡിനെതിരെ പരമ്പര നഷ്ടത്തിന് പിന്നാലെ ശുഭ്മാന്‍ ഗില്‍